സിൽവർ ലൈൻ പാരിസ്ഥിതികാടിത്തറ തകർക്കും ^വി.ഡി. സതീശൻ

സിൽവർ ലൈൻ പാരിസ്ഥിതികാടിത്തറ തകർക്കും -വി.ഡി. സതീശൻ തിരുവനന്തപുരം: സിൽവർ ലൈൻ റെയിൽ പദ്ധതി സംസ്ഥാനത്തി​ൻെറ പാരിസ്ഥിതിക-സാമ്പത്തിക അടിത്തറ തകർക്കുമെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തി​ൻെറ താൽപര്യങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ വിഷയത്തിൽ മന്ത്രിമാരെ പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് സുപ്രീംകോടതിയിൽ കേരളത്തി​ൻെറ കേസ് ദുർബലപ്പെടുത്താനിടവരുത്തും. കോവിഡ് മരണ കണക്ക്​ പൂഴ്ത്തിവെച്ച്​ മേനിനടിച്ച സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് സുപ്രീംകോടതി ഉത്തരവിലൂടെ ലഭിക്കേണ്ട സാമ്പത്തിക സഹായം ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നിയമസഭയിൽ യു.ഡി.എഫ് സ്വീകരിച്ച ശക്തമായ നിലപാടുകൾ കാരണം പൂഴ്ത്തിവെച്ച 12,000 മരണങ്ങൾ ഇപ്പോൾ പുറത്തുവന്നു. 25,000ത്തോളം മരണങ്ങളാണ് സർക്കാർ ഒളിപ്പിക്കാൻ ശ്രമിച്ചത്. പാർശ്വവത്​കരിക്കപ്പെട്ട ജനതയുടെ ആവശ്യങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങൾ യു.ഡി.എഫ് ഏറ്റെടുത്ത്​ മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു. ജില്ല ചെയർമാൻ പി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. ശശി തരൂർ എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, അനൂപ്​ ജേക്കബ്, എം. വിൻസൻെറ്​, നേതാക്കളായ സി.പി. ജോൺ, കെ. ദേവരാജൻ, സലിം പി. മാത്യു, അഡ്വ. എ.എൻ. രാജൻ ബാബു, പാലോട് രവി, തോന്നയ്ക്കൽ ജമാൽ, ബീമാപള്ളി റഷീദ്, ടി. ശരത്ചന്ദ്രപ്രസാദ്, കെ.എസ്. ശബരീനാഥ്, നെയ്യാറ്റിൻകര സനൽ, കൊട്ടാരക്കര പൊന്നച്ചൻ, ഇറവൂർ പ്രസന്നകുമാർ, എം.പി. സാജു, കരുമം സുന്ദരേശൻ, കാരയ്ക്കാമണ്ഡപം രവി, മലയിൻകീഴ് നന്ദകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.