പ്രമുഖ വ്യവസായി ആര്‍.എന്‍. ഷെട്ടി നിര്യാതനായി

ബംഗളൂരു: കർണാടകയിലെ പ്രശസ്തമായ മുരുഡേശ്വർ ക്ഷേത്ര നവീകരണത്തിന് നേതൃത്വം നൽകിയ പ്രമുഖ വ്യവസായി രാമനാഗപ്പ ഷെട്ടിയെന്ന ആർ.എൻ. ഷെട്ടി (92) നിര്യാതനായി. ബംഗളൂരുവിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ സജീവസാന്നിധ്യമായിരുന്നു ആര്‍.എന്‍. ഷെട്ടി. ഏഷ്യയിലെ ഏറ്റവും ഉ‍യരം കൂടിയ ഗോപുരമായി പരിഗണിക്കപ്പെടുന്ന മുരുഡേശ്വര ക്ഷേത്രത്തിലെ 249 അടി ഉയരം വരുന്ന ഗോപുരത്തിൻെറ നിര്‍മാണം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയത് ആര്‍.എന്‍. ഷെട്ടിയാണ്. ആർ.എൻ. ഷെട്ടി ആൻഡ് കമ്പനിയിലൂടെ സംസ്ഥാനത്തിനുള്ളിലും മറ്റു സംസ്ഥാനങ്ങളിലും ഒട്ടേറെ നിർമിതികൾ ഏറ്റെടുത്ത് പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1928 ആഗസ്​റ്റ് 15ന് ഉത്തര കന്നട ജില്ലയിലെ മുരുഡേശ്വറിലെ കര്‍ഷക കുടുംബത്തിൽ ജനിച്ച ആർ.എൻ. ഷെട്ടി ഏറെ ബുദ്ധിമുട്ടിയാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി സ്വന്തമായി നിർമാണ കമ്പനി ആരംഭിക്കുന്നത്. 2004ല്‍ വിശ്വേശ്വരായ പുരസ്‌കാരം നേടി. വിവിധ മേഖലകളിലെ മികവ് പരിഗണിച്ച് 2009 ബംഗളൂരു സര്‍വകലാശയുടെ ഹോണററി ഡോക്ടറേറ്റിനും അര്‍ഹനായി. ആർ.എൻ. ഷെട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. ദേവഗൗഡ തുടങ്ങിയവര്‍ അനുശോചിച്ചു. BLR OBIT R N SHETTY 92

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.