എത്തിക്സ് കമ്മിറ്റി കോടതിയല്ല; സ്പീക്കറുടെ തീരുമാനം സ്വാഗതാർഹം -മന്ത്രി ഐസക്

കൊല്ലം: സി.എ.ജി റിപ്പോർട്ട് ചോർത്തിയത് അവകാശ ലംഘനമാണെന്ന പരാതി നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ട സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി തോമസ് ഐസക്. കൊല്ലം പ്രസ് ക്ലബിൻെറ 'തദ്ദേശീയം - ജനവിധി 2020'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിക്ഷ വിധിക്കാനുള്ള കോടതിയൊന്നുമല്ല എത്തിക്സ് കമ്മിറ്റി. റിപ്പോർട്ടിലെ ഗൗരവമുള്ള പരാമർശങ്ങളെല്ലാം പറയാനുള്ള അവസരമാണ് ലഭിക്കുന്നത്. അസാധാരണത്വത്തിൽ അസാധാരണമായ സാഹചര്യം സി.എ.ജിയുടെ റിപ്പോർട്ട് സൃഷ്​ടിച്ചു. സംസ്ഥാനത്തിനെതിരെയുള്ള ഗൂഢാലോചനയായിട്ടാണ് കാണേണ്ടത്. നടപടിക്രമം പാലിക്കാതെയാണ് സി.എ.ജി റിപ്പോർട്ട് നൽകിയത്. മാർഗരേഖ ലംഘിച്ചാണ് സി.എ.ജി ഓഡിറ്റ് നടത്തിയത്. ഇ.ഡി‍യും സി.ബി.ഐയും എൻ.ഐ.എയും സംസ്ഥാനത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ചൂടുപിടിപ്പിക്കാനാണ് സി.എ.ജി ഇത്തരമൊരു നീക്കവുമായെത്തിയത്. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്നും സമിതിക്ക്​ മുന്നിൽ നിലപാട് വ്യക്തമായി പറയാൻ തയാറാണെന്നും സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഇയിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ സാധാരണഗതിയിലുള്ള പരിശോധനയാണ് വിജിലൻസ് നടത്തിയത്. അന്വേഷണ റിപ്പോർട്ട് ധനവകുപ്പിനാണ് കൈമാറുക. മാധ്യമപ്രവർത്തകർ പറഞ്ഞതുകേട്ട് പ്രതികരണം നടത്തിയത് ശരിയല്ല. പാർട്ടി പറയുന്നതാണ് ശരി. പാർട്ടിക്കപ്പുറം ആരെങ്കിലുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.