മുസ്‌ലിം ഭീതി സൃഷ്​ടിച്ച് വർഗീയ ധ്രുവീകരണത്തിന്​ സി.പി.എം ശ്രമം -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സി.പി.എം മുസ്‌ലിം ഭീതി സൃഷ്​ടിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​​ ഹമീദ് വാണിയമ്പലം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടിയെ മുൻനിർത്തി സി.പി.എം നടത്തുന്ന വിദ്വേഷ പ്രചാരണത്തി​ൻെറ ലക്ഷ്യം അതാണ്. ഇതി​ൻെറ ഭാഗമായാണ് പാർട്ടി മുഖപത്രമായ 'ദേശാഭിമാനി' തൊപ്പി ധരിച്ച് മുസ്‍ലിമെന്ന് തോന്നുന്ന കഥാപാത്രത്തി​ൻെറ കൈയിൽ തോക്ക് പിടിപ്പിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. അതിലൂടെ ഒരു മതവിഭാഗത്തെ ഭീകരവത്​കരിക്കുകയാണ്. നേരത്തേ യു.ഡി.എഫിനെ നയിക്കുന്നത് മുസ്‍ലിം-ക്രിസ്ത്യൻ വിഭാഗങ്ങളാണെന്ന പ്രസ്താവന കോടിയേരി ബാലകൃഷ്ണൻ നടത്തിയിരുന്നു. നിലവിലെ സി.പി.എം സെക്രട്ടറി വിജയ രാഘവൻ തുടർച്ചയായി ഇത് പറയുന്ന ആളാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയും സി.പി.എമ്മും ഒരുമിച്ച് മത്സരിക്കുകയും അഞ്ചുവർഷം അധികാരം പങ്കിടുകയും ചെയ്തിട്ടുണ്ട്​. ഭരണപരാജയവും സര്‍ക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളും സൃഷ്​ടിക്കുന്ന പ്രതിസന്ധി മറികടക്കാൻ സി.പി.എം കണ്ടെത്തിയ മാർഗം സംഘ്പരിവാർ ഉയർത്തുന്ന മുസ്‌ലിം - ന്യൂനപക്ഷ വിരുദ്ധത ഏറ്റെടുക്കുക എന്നതാണെന്നും ഹമീദ്​ വാണിയമ്പലം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി, ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.