കോർപറേഷൻ വാർഡുകളിലൂടെ: ആറ്റുകാലിൽ വാശിയേറി‍യ പോരാട്ടം

തിരുവനന്തപുരം: 20 വർഷം എൽ.ഡി.എഫും കഴിഞ്ഞ അഞ്ചുവർഷം ബി.ജെ.പിയും ഭരിച്ച ആറ്റുകാൽ വാർഡിൽ ഇത്തവണ ത്രികോണപ്പോരാണ്. ചൊങ്കൊടി മാത്രം പാറിക്കളിച്ച വാർഡിൽ കഴിഞ്ഞ തവണ ആർ.സി. ബീനയിലൂടെ ബി.ജെ.പി അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു. 350 വോട്ടിൻെറ ഭൂരിപക്ഷത്തിലായിരുന്നു ആറ്റുകാലിൽ എൻ.ഡി.എ ചരിത്രം സൃഷ്​ടിച്ചത്. 5324 പോൾ ചെയ്ത വാർഡിൽ സി.പി.എം സ്ഥാനാർഥി 1422 വോട്ടുകൾ പിടിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥിയുടെ അക്കൗണ്ടിെലത്തിയത് കേവലം 697 വോട്ടുകൾ മാത്രം. യു.ഡി.എഫിലുണ്ടായ വോട്ട് ചോർച്ചയാണ് ബി.ജെ.പിയുടെ വിജയത്തിന് പിന്നിലെന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ നാണക്കേട് മാറ്റാൻ ഇത്തവണ അരയും തലയും മുറുക്കിയാണ് യു.ഡി.എഫ് പ്രചാരണരംഗത്തുള്ളത്. കോൺഗ്രസ് ആറ്റുകാൽ മണ്ഡലം പ്രസിഡൻറും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവും നവരാത്രി ട്രസ്​റ്റ്​​ പ്രസിഡൻറുമായ അനന്തപുരി മണികണ്ഠനെയാണ് ഡി.സി.സി വാർഡ് പിടിച്ചെടുക്കാൻ രംഗത്തിറക്കിയിരിക്കുന്നത്. അതേസമയം ഡി.വൈ.എഫ്.ഐ ജില്ല സെക്ര​േട്ടറിയറ്റ് അംഗവും സി.പി.എം ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവുമായ ആർ. ഉണ്ണികൃഷ്ണനെയാണ് വാർഡ് തിരിച്ചുപിടിക്കാൻ സി.പി.എം മുന്നിൽ നിർത്തിയിരിക്കുന്നത്. കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം, യൂനിവേഴ്സിറ്റി കോളജ് യൂനിയൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഉണ്ണികൃഷ്​ണ​ൻെറ കന്നിയങ്കമാണ്. ബി.ജെ.പി പ്രഫഷനൽ സെൽ കൺവീനറായ എം. സുനിൽകുമാറിനെയാണ് വാർഡ് നിലനിർത്താൻ ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. കൊഞ്ചിറവിള ഭഗവതി ക്ഷേത്രം ട്രസ്​റ്റ്​ പ്രസിഡൻറും യുവമോർച്ച ജില്ല ജനറൽ സെക്രട്ടറിയായും എം.ജി കോളജിൽ യൂനിയൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2010ൽ ആറ്റുകാലിൽ മത്സരിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്താൻ സുനിൽകുമാറിന് സാധിച്ചിരുന്നു. 9538 വോട്ടർമാരുള്ള വാർഡിൽ 5500 വോട്ടർമാരിൽ താഴെ മാത്രമേ എല്ലായ്​പ്പോഴും തങ്ങളുടെ സമ്മതിദാന അവകാശം നിർവർഹിക്കാൻ പോളിങ് ബൂത്തിലേക്ക് എത്താറുള്ളൂവെന്നത് മൂന്ന് മുന്നണികൾക്കും തലവേദനയാണ്. ഇത്തവണ ശക്തമായ മത്സരം നടക്കുന്നതിനാൽ പരമാവധി വോട്ടർമാരെ ബൂത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.