വഴുതക്കാട്​ വിജയക്കൊടിയുയർത്താൻ

തിരുവനന്തപുരം: സി.പി.ഐക്കാരുടെ അഭിമാന വാർഡായ വഴുതക്കാട് ഒരുതവണ മാത്രമാണ് കോൺഗ്രസിന് കൈയുയർത്താനായത്. വഴുതക്കാട് നരേന്ദ്രനിലൂടെ വാർഡിൽ ചുവടുറപ്പിച്ച സി.പി.ഐക്ക് 2010ൽ മാത്രമാണ് അടിതെറ്റിയത്. 27 വർഷം വാർഡ് കൗൺസിലറും രണ്ട് തവണ ഡെപ്യൂട്ടി മേ‍യറുമായിരുന്ന നരേന്ദ്രനെ 112 വോട്ടിന് അട്ടിമറിച്ച് കെ. സുരേഷ്കുമാറാണ് ആദ്യമായി വാർഡിൽ കോൺഗ്രസ് പതാക പാറിച്ചത്. എന്നാൽ കഴിഞ്ഞതവണ രാഖി രവികുമാറിലൂടെ 27 വോട്ടിന് സി.പി.ഐ വീണ്ടും വാർഡ് തിരികെ പിടിക്കുകയായിരുന്നു. രാഖി രവികുമാറിനെ തന്നെയാണ് വീണ്ടും വാർഡ് നിലനിർത്താൻ സി.പി.ഐ രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്​​ 2010ൽ വിജയക്കൊടിപാറിച്ച കെ. സുരേഷ്കുമാറിനെയും. മുൻ കൗൺസിലറും നിലവിലെ ഡെപ്യൂട്ടി മേയറും കൊമ്പുകോർക്കുന്ന വാർഡിൽ തീപ്പൊരി പ്രചാരണത്തിലാണ് ഓരോ പ്രവർത്തകനും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് കേരള മഹിളാസംഘം ജില്ല പ്രസിഡൻറും സി.പി.ഐ ജില്ല കൗൺസിൽ അംഗവുമായ രാഖി രവികുമാറിൻെറ പ്രചാരണപ്രവർത്തനങ്ങൾ. അടിസ്ഥാന സൗകര്യവികസനത്തിൽ ഊന്നൽ നൽകി കോടികളുടെ പ്രവർത്തനങ്ങളാണ് വാർഡിൽ നടത്തിയിട്ടുള്ളതെന്ന് രാഖി രവികുമാർ പറയുന്നു. ഇത്തവണയും വഴുതക്കാടിലെ വോട്ടർമാർ സി.പി.ഐക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ രാഖിക്ക്​ സംശയവുമില്ല. എന്നാൽ വികസനപ്രവർത്തനങ്ങൾക്ക് പിന്നിലെ അഴിമതി ചൂണ്ടിക്കാട്ടിക്കൊണ്ടാണ്​ യു.ഡി.എഫ് പ്രചാരണം. 2010ൽ യു.ഡി.എഫിന് അത്ഭുത വിജയം സമ്മാനിച്ച സുരേഷ്കുമാർ 2015ൽ വാർഡ് വനിത സംവരണമായതോടെ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു. രണ്ടാം തവണയും എത്തുമ്പോൾ യു.ഡി.എഫ് ക്യാമ്പ് ആവേശത്തിലാണ്. ഡി.സി.സി അംഗവും വെള്ളയമ്പലം ആൽത്തറ ദേവീക്ഷേത്രം സെക്രട്ടറിയുമാണ്. ബി.ജെ.പി ജഗതി ഏരിയ പ്രസിഡൻറും വഴുതക്കാട് സ്വദേശിയുമായ കെ.എം. സുരേഷാണ് ബി.ജെ.പി സാരഥി. ആദ്യമായാണ് മത്സരരംഗത്ത്. അനന്തപുരം ബാങ്കിലെ ജീവനക്കാരനാണ്. പാളയം പിടിക്കാൻ പടനയിച്ച്​ തിരുവനന്തപുരം: പാളയത്ത് വിജയക്കൊടി കുത്താൻ ആവേശ​േപ്പാരിലാണ് മൂന്ന് മുന്നണികളും. വിജയം ആവർത്തിക്കാൻ ഇടത് മുന്നണിയും ചരിത്രം തിരുത്താൻ യു.ഡി.എഫും അട്ടിമറി സൃഷ്്​ടിക്കാൻ ബി.ജെ.പിയും കളത്തിലിറങ്ങിയതോടെ തിരുവനന്തപുരം നഗരഹൃദയത്തിൽ പ്രചാരണം ഹൈറേഞ്ചിലാണ്. ഇത്തവണ പാളയം രാജൻ ആയതിനാൽ തങ്ങളുടെ ഉറപ്പായ സീറ്റുകളുടെ ഗണത്തിലാണ് പാളയവും എൽ.ഡി.എഫ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് തവണ കൗൺസിലറായ കോൺഗ്രസ് (എസ്) ജില്ല പ്രസിഡൻറ് പാളയം രാജ​ൻെറ അഞ്ചാം ഊഴമാണ് ഇത്തവണത്തേത്. കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർഥിയായ ഐഷാ ബേക്കർ വിജയിച്ചതെങ്കിലും പാളയത്ത് പാളയം രാജൻ സ്ഥാനാർഥിയായി എത്തുമ്പോൾ അതിൻെറ യാതൊരു ആശങ്കയും മുന്നണിക്കില്ല. രണ്ടുതവണ പാളയത്തെ പ്രതിനിധീകരിച്ചിട്ടുള്ള രാജൻ 2010ൽ 937 വോട്ടിനാണ് ഇവിടെനിന്ന്​ വിജയിച്ചുകയറിയത്. കഴിഞ്ഞതവണ നന്തൻകോട് നിന്ന് 946 വോട്ടിന് വിജയിച്ചാണ് കൗൺസിലിൽ എത്തിയത്. 2015ൽ 47 വോട്ടുകൾക്ക് നഷ്​ടപ്പെട്ട വാർഡ് എന്ത് വിലകൊടുത്തും പിടിച്ചെടുക്കണം എന്ന വാശിയിലാണ് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് പാളയം ബ്ലോക്ക് സെക്രട്ടറി കെ.പി. സുധീർ രാജിനെയാണ് ഇതിനായി പാർട്ടി ഗോദയിലിറക്കിയിരിക്കുന്നത്. കന്നിയങ്കമാണ്. ഇടത് മുന്നണി കുത്തകയായി ​െവച്ചിരിക്കുന്ന മണ്ഡലത്തിലെ വികസന മുരടിപ്പാണ് യു.ഡി.എഫിൻെറ പ്രചാരണായുദ്ധം. അതിൽ പ്രധാനം മാലിന്യപ്രശ്നമാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. ബി.ജെ.പി ജില്ല ട്രഷറർ നിഷാദ് സുഗുണനെയാണ് എൻ.ഡി.എ രംഗത്തിറക്കിയിരിക്കുന്നത്. കവടിയാർ സഹകരണസംഘം സെക്രട്ടറി, എ.ബി.വി.പി, യുവമോർച്ച സംസ്ഥാന ജില്ല ഭാരവാഹി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള നിഷാദിൻെറ കന്നിയങ്കമാണ്. എസ്.എൻ.ഡി.പി യൂത്ത് മൂവ്മൻെറ് താലൂക്ക് യൂനിയൻ പ്രതിനിധിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.