മുന്നണികൾക്ക്​ വിജയവഴിമുടക്കി വിമതരുടെ നിര

വിമതർ കൂടുതൽ യു.ഡി.എഫിൽ, എൽ.ഡി.എഫിലും ശക്തരായ റെബലുകൾ തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാനുള്ള തത്രപ്പാടിനിടെ മുന്നണികളെ വെട്ടിലാക്കി വിമതരുടെ വൻ നിര. ഇത്തവണയും വിമതരുടെ ശല്യം ഏറ്റവും കൂടുതൽ യു.ഡി.എഫിലാണ്. എൽ.ഡി.എഫിലും ശക്തരായ റെബലുകളുണ്ട്. 2010ൽ പള്ളിത്തുറയിൽ കോൺഗ്രസിൻെറ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിച്ച ആറ്റിപ്ര സന്തോഷിനെ ഇത്തവണ നേതൃത്വം കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സിറ്റിങ് കൗൺസിലർ പ്രതിഭ ജയകുമാർ റെബലായി മത്സര രംഗത്തുണ്ട്. 2010ൽ കോൺഗ്രസ് സ്ഥാനാർഥിയായ ജോൺ വിന്യേഷിനെതിരെ ആറ്റിപ്ര സന്തോഷ് വിമതനായി മത്സരിച്ചതോടെ 100 ഓളം വോട്ടുകൾക്കായിരുന്നു സി.പി.എം സ്ഥാനാർഥി വിജയിച്ചത്. കഴിഞ്ഞതവണ റെബൽ സ്ഥാനാർഥിയില്ലാതിരുന്നിട്ടും 117 വോട്ടിനാണ് പള്ളിത്തുറയിൽ പ്രതിഭയിലൂടെ കോൺഗ്രസിൻെറ വിജയം. ഇത്തവണ സിറ്റിങ് കൗൺസിലർതന്നെ വിമതയായെത്തുമ്പോൾ വീണ്ടും വാർഡ് സി.പി.എം കൊണ്ടുപോകുമോയെന്ന ആശങ്ക ഡി.സി.സി നേതൃത്വത്തിനുണ്ട്. അമ്പലത്തറയിൽ ഘടകകക്ഷിയായ ആർ.എസ്.പിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇടഞ്ഞുനിൽക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പഴഞ്ചിറ മാഹീനെ റെബലായി നിർത്തിയിരിക്കുകയാണ്. കഴിഞ്ഞതവണ 852 വോട്ടിനാണ് യു.ഡി.എഫിന് വാർഡ് നഷ്​ടപ്പെട്ടത്. വഴുതക്കാട് മുൻ കൗൺസിലർ കെ. സുരേഷ്കുമാറിനെ സ്ഥാനാർഥിത്വം നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് പ്രസിഡൻറ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞതവണ കോൺഗ്രസിൽനിന്ന് സി.പി.ഐ പിടിച്ചെടുത്ത തമ്പാനൂരിലും വിമതർ രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നല്ലപെരുമാളാണ് നെട്ടയം വാർഡിൽ റെബലായി രംഗത്തെത്തിയിട്ടുള്ളത്. ഇദ്ദേഹത്തെ പാർട്ടിയിൽനിന്ന്​ പുറത്താക്കുകയും ചെയ്തു. എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആർ.എസ്.പി ലെനിനിസ്​റ്റ്​ സ്ഥാനാർഥി മേയർ കെ. ശ്രീകുമാറിനെതിരെ കരിക്കകത്ത് മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സി.എസ്. അശോകനാണ് സ്ഥാനാർഥി. കാലടി വാർഡിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാണി വിഭാഗത്തിനുവേണ്ടി പിൻവലിച്ചതിൻെറ പ്രതിഷേധം ഇതുവരെ ശമിച്ചിട്ടില്ല. ഇവിടെ പ്രചാരണത്തിനിറങ്ങാതെ ഒരുവിഭാഗം പ്രവർത്തകർ മാറിനിൽക്കുന്നുണ്ട്. ബി.ജെ.പിയിൽ ശ്രീകാര്യം, നെടുങ്കാട്, വലിയവിള തുടങ്ങിയ ചില വാർഡുകളിൽ ചില പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ, പ്രത്യക്ഷമായി വിമതർ രംഗത്തെത്തിയിട്ടില്ല. വിമതരെ പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും മുന്നണികൾ നടത്തുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.