ഒാർമക്കൊടികൾ സിന്ദാബാദ്​.. ഒാലപ്പുരക്കുള്ളിൽ കെടാതെ കത്തിയ വിറകുകൊള്ളികൾ

വിതുര: ആകെയുള്ള ഒറ്റമുണ്ട് കഴുകി വിരിച്ച് അതിന് കീഴെ വിറകുകൾ കൂട്ടി കത്തിച്ച് ഓലപ്പുരക്കുള്ളിൽ തീ കാഞ്ഞിരിക്കുന്ന സമ്മതിദായക​ൻെറ ചിത്രമാണ് ആദ്യ തെരഞ്ഞെടുപ്പുകാലത്തെ കുറിച്ചോർക്കു​േമ്പാൾ അയ്യപ്പൻപിള്ളയുടെ മനസ്സിലേക്കെത്തുന്ന പൊള്ളുന്ന ഒാർമ. തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും ഏറെയുള്ള വിതുരയിൽ പലരെയും നേരിൽ കാണണമെങ്കിൽ രാത്രിതന്നെ എത്തണം. 1979ലെ കന്നിയങ്കത്തിൽ കല്ലാർ വാർഡിലെ മണലിയിൽ സഹപ്രവർത്തകർക്കൊപ്പം വോട്ട് പിടിക്കാനുള്ള അത്തരമൊരു രാത്രിയാത്രയിലായിരുന്നു സങ്കടപ്പെടുത്തുന്ന ആ കാഴ്ച. വനത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് വന്യമൃഗങ്ങളെ അകറ്റുകയെന്നതും തീ കായലി​ൻെറ ലക്ഷ്യമാണ്. കൈയിലുണ്ടായിരുന്ന തോർത്തുമുണ്ട് അയാൾക്ക് നൽകി വോട്ട് ഉറപ്പിച്ച് മടങ്ങിയ അയ്യപ്പൻപിള്ള രണ്ടുതവണകളായി 92 വരെ വിതുര പഞ്ചായത്ത് പ്രസിഡൻറായി. രണ്ടരവർഷം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ചു. മലയോരമേഖലയിൽ കമ്യൂണിസ്​റ്റ്​ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച പി. അയ്യപ്പൻ പിള്ള സി.പി.എം വിതുര ഏരിയ സെക്രട്ടറിയുമായിരുന്നു. ജില്ലയിലെ തേയിലയുൾപ്പെടെയുള്ള പ്രമുഖ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്ന വിതുരയിലെ പ്രവർത്തനം തോട്ടം തൊഴിലാളി യൂനിയ​ൻെറ അഖിലേന്ത്യാ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുവരെ അദ്ദേഹത്തെ ഉയർത്തി. പഞ്ചായത്തി​ൻെറ വാർഷിക ബജറ്റ് നാലുലക്ഷം രൂപയിൽ കവിയാത്ത കാലത്ത് പ്രസിഡൻറ്​ സ്ഥാനത്തിരുന്ന് വികസന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയതി‍ൻെറ ചാരിതാർഥ്യമുണ്ട് അയ്യപ്പൻ പിള്ളക്ക്. വിതുര സർക്കാർ ആശുപത്രി, ട്രഷറി, കമ്യൂണിറ്റി ഹാൾ എന്നിവ അതിൽ ചിലത് മാത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവരെ പ്രചാരണരംഗത്ത് സജീവമായിരുന്നു അദ്ദേഹം. 82ാം വയസ്സിൽ ഭാര്യ രത്നമ്മക്കൊപ്പം പി.എസ്.സി ഉദ്യോഗസ്ഥയായ മകൾ സജിതയുടെ കൊല്ലത്തെ വസതിയിൽ വിശ്രമത്തിലാണിപ്പോൾ. തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ളയും കാനറ ബാങ്ക് ഉദ്യോഗസ്ഥ സിമിയുമാണ് മറ്റ്​ മക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.