ഫോട്ടോഫിനിഷിന് കാതോർത്ത് വഞ്ചിയൂർ

തിരുവനന്തപുരം: കഴിഞ്ഞതവണ ബി.ജെ.പിക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്​ടപ്പെട്ട വാർഡാണ് വഞ്ചിയൂർ. സി.പി.എം സ്ഥാനാർഥി വഞ്ചിയൂർ പി. ബാബുവിനോട് കേവലം മൂന്ന് വോട്ടിനാണ് ബി.ജെ.പി സ്ഥാനാർഥി പി. അശോക് കുമാർ പരാജയപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത്തവണ വാശിയേറിയ പോരാട്ടമാണ്. സിറ്റിങ് കൗൺസിലർ വഞ്ചിയൂര്‍ ബാബുവിൻെറയും സാക്ഷരത മിഷന്‍ ഡയറക്ടര്‍ പി.എസ്. ശ്രീകലയുടെയും മകൾ ഗായത്രി ബാബുവിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. സാമ്പത്തിക ശാസ്​ത്രം എം.എ ബിരുദധാരിയായ ഗായത്രി തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണ്. സി.ബി.എസ്‌.ഇ പ്ലസ്‌ ടു പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും ദേശീയതലത്തിൽ രണ്ടാമതുമായിരുന്നു. ബാലസംഘത്തിൻെറ മേഖല സെക്രട്ടറിയും പുതുച്ചേരി സർവകലാശാലയിൽ എസ്‌.എഫ്‌.ഐ യൂനിറ്റ്‌ അംഗവുമായിരുന്നു. ഫീസ്‌ വർധനക്കെതിരെ നടന്ന സമരത്തിൽ മൂന്നുദിവസം കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട് ഈ 23 കാരി. എന്നാൽ, പ്രായത്തിൻെറ ചടുലതയെ രാഷ്​ട്രീയ അനുഭവം കൊണ്ട് തോൽപിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. കൈവിട്ടുപോയ വാർഡ് തിരികെപ്പിടിക്കാൻ വഞ്ചിയൂർ മുൻ കൗൺസിലറുമായ പി.എസ്. സരോജത്തെയാണ് പാർട്ടി വീണ്ടും രംഗത്തിറക്കിയത്. 2010ല്‍ 532 വോട്ടിനാണ് ജയിച്ചത്. കോണ്‍ഗ്രസ് വഞ്ചിയൂര്‍ ബ്ലോക്ക് ജോയൻറ്​ സെക്രട്ടറിയും ഋഷിമംഗലം റസിഡൻറ്​സ് അസോസിയേഷന്‍ സെക്രട്ടറിയുമാണ് ഈ 62 കാരി. ചരിത്രത്തിൽ ബിരുദധാരിയാണ്‌. അഡ്വ. എ. ചന്ദ്രശേഖരൻ നായരാണ്‌ ഭർത്താവ്‌. വഞ്ചിയൂര്‍ സ്വദേശിനിയായ ജയലക്ഷ്മിയാണ് ഇത്തവണ താമര ചിഹ്നത്തിൽ മത്സരിക്കാനിറങ്ങുന്നത്. വഞ്ചിയൂരിലെ ബന്ധുബലവും സംഘടനാശക്തിയുമാണ് ജയലക്ഷ്മിയുടെ കരുത്ത്. വഞ്ചിയൂരില്‍ ഭര്‍ത്താവ് പ്രേംകുമാറിനൊപ്പം ടൂര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ്. എം.എ ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദധാരിയായ ജയലക്ഷ്മി നേരത്തേ ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമായാണ്. ഹോളി ഏഞ്ചൽസ്‌ സ്‌കൂൾ അലുമ്‌നി അസോസിയേഷൻ സെക്രട്ടറിയും ഓൾസെയിൻറ്​ അലുമ്‌നി അസോസിയേഷൻ അംഗവുമാണ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.