നഗരങ്ങളില്‍ മിയാവാക്കി വനവത്കരണ പദ്ധതിക്ക്​ തുടക്കം

തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ സൂക്ഷ്മവനങ്ങള്‍ കുറഞ്ഞ കാലംകൊണ്ട്​ നിർമിക്കുന്ന മിയാവാക്കി മാതൃക പദ്ധതിക്ക്​ തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശംഖുംമുഖത്ത് വൃക്ഷത്തൈ നട്ട്​ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പന്ത്രണ്ട്​ ജില്ലകളിലായി 22 മിയാവാക്കി വനങ്ങള്‍ നിർമിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ രണ്ടേക്കര്‍ സ്ഥലത്ത് മുപ്പതിനായിരത്തിലധികം മരങ്ങൾ ​െവച്ചുപിടിപ്പിക്കും. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാൻ ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും അപൂർവ സസ്യങ്ങളും നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ യോക്കോഹാമ നാഷനല്‍ യൂനിവേഴ്സിറ്റി പ്രഫസറായിരുന്ന ഡോ. അകിര മിയാവാക്കി ആണ് 1970കളില്‍ ഈ മാതൃക ആവിഷ്കരിച്ചത്. 25 മുതല്‍ 30 വരെ വര്‍ഷംകൊണ്ട് സ്വാഭാവിക വനത്തിനുണ്ടാവുന്ന വളര്‍ച്ച അഞ്ചുമുതല്‍ പത്ത് വര്‍ഷംകൊണ്ട് മിയാവാക്കി മാതൃകാവനം നേടും. വി.എസ്. ശിവകുമാര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്​, ഡയറക്ടര്‍ പി. ബാലകിരണ്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സി.എം.ഡി കെ.ജി. മോഹന്‍ലാല്‍, നേച്ചേഴ്സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രഫ. വി.കെ. ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.