ആനകളെ കടത്തിക്കൊണ്ടുവന്നതായി വിവരം; ആനത്താവളത്തിൽ റെയ്ഡ്

പരവൂർ: രേഖകളില്ലാതെ മൂന്ന് ആനകളെ ഇതരസംസ്ഥാനത്തുനിന്ന്​ കടത്തിക്കൊണ്ടുവന്നെന്ന വിവരത്തെതുടർന്ന് പുത്തൻകുളത്തെ ആനത്താവളത്തിൽ പുനലൂർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ റെയ്ഡ്. എന്നാൽ, ക്രമക്കേടൊന്നും കണ്ടെത്താനായില്ലെന്ന്​ ഡി.എഫ്.ഒ അറിയിച്ചു. പുത്തൻകുളത്ത് ഷാജിയുടെ ഉടമസ്ഥതയിലുള്ള ആനത്താവളത്തിലാണ്​ വെള്ളിയാഴ്ച രാത്രി വൈകിയും പരിശോധന നടത്തിയത്​. അഞ്ചൽ, കുളത്തൂപ്പുഴ, കോന്നി, പത്തനാപുരം റേഞ്ചുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും പതിനെട്ടോളം വാഹനങ്ങളിൽ എത്തിയിരുന്നു. മുമ്പെങ്ങുമില്ലാത്തതരത്തിൽ വിപുലമായ സന്നാഹത്തോടെയാണ് പരിശോധനക്കെത്തിയത്. ചാത്തന്നൂർ ടൗൺ, തിരുമുക്ക്, പാലമുക്ക്, ഇത്തിക്കര, പരവൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലും പുത്തൻകുളത്തിന്​ സമീപത്തെ വിവിധയിടങ്ങളിലും നിരവധി വാഹനങ്ങളിലായി വനംവകുപ്പുദ്യോഗസ്ഥർ കാത്തുനിന്നിരുന്നു. ഇത് നാട്ടുകാരിലും ആശങ്കയുണ്ടാക്കി. ഡി.എഫ്.ഒയും വെറ്ററിനറി സർജന്മാരടങ്ങിയ ഉദ്യോഗസ്ഥസംഘവും പരിശോധനയിൽ പങ്കെടുത്തു. അതേസമയം, പരിശോധനക്കെതിരെ ആനയുടമസ്ഥ സംഘം രംഗത്തെത്തി. കോവിഡ് കാലമായതിനാൽ നിലവിലുള്ള ആനകളെതന്നെ നിലനിർത്താൻ ഉടമകൾ ബുദ്ധിമുട്ടുകയാണെന്നും ഇതിനിടയിൽ പുറത്തുനിന്ന് ആനകളെ കൊണ്ടുവരുന്നത് ചിന്തിക്കാൻ കഴിയില്ലെന്നും ആനയുടമകൾ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നാട്ടാനകളെയും സംബന്ധിച്ച വിവരങ്ങൾ തിരുവനന്തപുരത്ത് ചീഫ് ഫോറസ്​റ്റ്​ കൺസർവേറ്ററുടെ ഓഫിസിലുണ്ട്. ആനയുടമകളെ അകാരണമായി നിരന്തരം േദ്രാഹിക്കുന്ന നടപടികളാണ് വനംവകുപ്പിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ഉടമകൾ പരാതിപ്പെട്ടു. യാതൊരടിസ്ഥാനവുമില്ലാതെ അന്വേഷണ പ്രഹസനം കാട്ടി ആനയുടമകളെ അപമാനിക്കാനും സമ്മർദത്തിലാക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും വനംവകുപ്പ്​ മന്ത്രിക്കുമടക്കം പരാതി നൽകുമെന്ന് എലിഫൻറ് ഓണേഴ്സ്​ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി. ചന്ദ്രചൂഡൻ പിള്ള പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.