മുതലപ്പൊഴിയില്‍ ചൊവ്വാഴ്ച ഒരു വള്ളം കൂടി തിരയടിയില്‍ മറിഞ്ഞു

ചിറയിന്‍കീഴ്: മുതലപ്പൊഴിയില്‍ ചൊവ്വാഴ്ച ഒരു വള്ളം കൂടി തിരയടിയില്‍ മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന രണ്ടുപേരെയും മറ്റ്​ വള്ളക്കാര്‍ രക്ഷപ്പെടുത്തി. മുതലപ്പൊഴിയില്‍ അഴിമുഖത്തിന് അൽപം അകലെ കടലില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോെടയാണ് അപകടം നടന്നത്. കൂറ്റന്‍ തിരയില്‍ മറിഞ്ഞ വള്ളത്തില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്​ ചാടി. ശക്തമായ തിരയില്‍ കരയിലേക്ക്​ നീന്താനാകാതെ മറിഞ്ഞ വള്ളത്തില്‍ പിടിച്ചുതൂങ്ങി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. വള്ളം കടലില്‍ മറിഞ്ഞത് കരയില്‍ നിന്ന അദാനി ഡ്രഡ്ജിങ് ജീവനക്കാര്‍ കണ്ട് ബഹളം കൂട്ടുകയായിരുന്നു. തിരയടി ശക്തമായി തുടര്‍ന്നതിനാല്‍ വള്ളമിറക്കി കടലില്‍ വീണവരെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് അരമണിക്കൂറോളം മറിഞ്ഞ വള്ളത്തില്‍ പിടിച്ചുതൂങ്ങി നിന്ന മത്സ്യത്തൊഴിലാളികളെ മീന്‍പിടിത്തം കഴിഞ്ഞ് തിരികെവരികയായിരുന്ന മറ്റൊരു വള്ളത്തിലുള്ളവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ശക്തമായ തിരയടി കടലില്‍ വീണവരെ രക്ഷപ്പെടുത്താനും തടസ്സമായിനിന്നു. വളരെ പണിപ്പെട്ടാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. മറിഞ്ഞ വള്ളം വടമുപയോഗിച്ച് കെട്ടിവലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വള്ളം കടലില്‍ ഉപേക്ഷിച്ചാണ് മത്സ്യത്തൊഴിലാളികള്‍ മടങ്ങിയത്. മുതലപ്പൊഴിയില്‍ ഒരാഴ്ചക്കിടെ ഇത് അഞ്ചാമത്തെ വള്ളമാണ് തിരയിൽപെട്ട് കടലില്‍ മറിഞ്ഞത്. കഴിഞ്ഞദിവസം നടന്ന അപകടത്തില്‍ കടലില്‍ വീണ കൊല്ലം സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല. മറൈന്‍ എന്‍ഫോഴ്‌സ്‌മൻെറ്​ ആംബുലന്‍സ് ചൊവ്വാഴ്ചയും കടലില്‍ തിരച്ചില്‍ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.