ദേശീയപാതയിൽ കൂറ്റൻ മരം കടപുഴകി: റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പൊലീസ് സ്‌റ്റേഷന് സമീപം ആഴാംകോണത്ത് ശക്തമായ മഴയിലും കാറ്റിലും 90 വർഷം പഴക്കമുള്ള കൂറ്റൻ മാവ് കടപുഴകി വീണു. തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ആ സമയത്ത് വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മാവി​ൻെറ ചുവട് വളരെക്കാലമായി ദ്രവിച്ച അവസ്ഥയിലായിരുന്നു. സമീപത്ത് വർഷങ്ങളായി കച്ചവടം നടത്തിവന്ന വഴിയോരക്കടക്കും അപകടം സംഭവിച്ചില്ല. മരം വീഴുന്ന ശബ്​ദം കേൾക്കുമ്പോഴേക്കും തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഇതുവഴി കടന്നുപോയിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് ദൃക്​സാക്ഷികൾ പറഞ്ഞു. കൊല്ലം ഭാഗത്തു നിന്നുവന്ന വാഹനങ്ങളെ മണമ്പൂർ ആലംകോട് വഴി തിരിച്ചുവിട്ടു. ആറ്റിങ്ങൽ ഭാഗത്തു നിന്നുവന്ന വാഹനങ്ങൾ മരം മുറിച്ചുമാറ്റിയ ശേഷമാണ് കടന്നുപോയത്. കല്ലമ്പലം പൊലീസ് ഗതാഗതം നിയന്ത്രിച്ചു. റോഡിന് ഭീഷണിയായ മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. ആദ്യമെത്തിയ ആറ്റിങ്ങൽ അഗ്നിശമന സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള പ്രവർത്തനം മൂലമാണ് ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കാനായത്. വർക്കല അഗ്നിശമനസേനാംഗങ്ങൾ കൂടി എത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി. നാട്ടുകാരുടെ സഹായം കൂടി ലഭിച്ചതാണ് മരക്കഷണങ്ങൾ റോഡിൽ നിന്ന്​ എളുപ്പം നീക്കം ചെയ്യാനായത്. ആറ്റിങ്ങൽ അഗ്നിശമനസേന ഉദ്യോഗസ്ഥരായ ബിജു, അനീഷ്, മനു വി. നായർ, ബിനു, രാജഗോപാൽ, ദിനേശ്, വർക്കല ടീമിലുള്ള ഹരിലാൽ റെജിമോൻ, മുകേഷ് കുമാർ, ഉണ്ണികൃഷ്ണൻ, ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്‌. ചിത്രം: IMG-20200921-WA0220.jpg IMG-20200921-WA0217.jpg ദേശീയപാതയിൽ കടപുഴകി വീണ മരം അഗ്നിശമനസേന മുറിച്ചുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.