പള്ളിവേട്ട കഴിഞ്ഞു, ഇന്ന്​ പത്മതീര്‍ഥക്കുളത്തില്‍ പത്മനാഭസ്വാമിക്ക്​ ആറാട്ട്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തി​ൻെറ ആചാരപ്രധാന ചടങ്ങായ പള്ളിവേട്ട വെള്ളിയാഴ്ച രാത്രി നടന്നു. ശനിയാഴ്ച സന്ധ്യക്ക്​ പത്മതീര്‍ഥക്കുളത്തില്‍ നടക്കുന്ന ആറാട്ടോ​െട​ ഉത്സവത്തിന് കൊടിയിറങ്ങും. കോവിഡി​ൻെറ പശ്ചാത്തലത്തിൽ പതിവ്​ ആചാരങ്ങളിൽ മാറ്റം വരുത്തിയാണ്​ ഇക്കുറി ആറാട്ട്​ നടക്കുന്നത്​. മുൻവർഷങ്ങളിൽ ശംഖുംമുഖം കടപ്പുറത്താണ്​ ആറാട്ട്​ നടന്നുവന്നത്​. എന്നാൽ, ഇക്കുറി അത്​ ക്ഷേത്രത്തിന്​ സമീപത്തെ പത്മതീർഥക്കുളത്തിലേക്ക്​ മാറ്റി​. പള്ളിവേട്ട ചടങ്ങുകളോടനുബന്ധിച്ച്​ രാത്രി 8.30ന് ശ്രീപത്മനാഭസ്വാമി, നരസിംഹമൂര്‍ത്തി, തിരുവാമ്പാടി കൃഷ്ണന്‍ എന്നീ വിഗ്രഹങ്ങള്‍ ശീവേലിപ്പുരയിലെ പ്രദക്ഷിണത്തിന് ശേഷം പടിഞ്ഞാറെനട വഴി പുറത്തെഴുന്നള്ളിച്ചു. വാഹനങ്ങള്‍ ഒഴിവാക്കി പൂജാരിമാര്‍ തലയിലാണ് വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചത്. മതിലകം ഓഫിസിന് മുന്നില്‍ തയാറാക്കിയ വേട്ടക്കളത്തില്‍ ക്ഷേത്രംസ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ പള്ളിവേട്ട നടത്തി. തേങ്ങയില്‍ പ്രതീകാത്മകമായി അമ്പെയ്താണ് വേട്ട നടത്തുന്നത്. പിന്നീട് വിഗ്രഹങ്ങളെ പടിഞ്ഞാറെ നടവഴി ഉള്ളില്‍ എഴുന്നെള്ളിച്ച് പള്ളിക്കുറുപ്പിരുത്തി. ശനിയാഴ്ച രാവിലെ പശുവിനെയും കിടാവിനെയും എത്തിച്ച് പള്ളിക്കുറുപ്പ് ദര്‍ശനം നടത്തും. തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി. രതീശന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ശനിയാഴ്ച വൈകീട്ട്​ 6.15ന് കിഴക്കേനടയിലെ നാടകശാല മുഖപ്പുവഴിയാണ് പത്മതീര്‍ഥത്തിലേക്ക് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. നവരാത്രി മണ്ഡപത്തിന് എതിര്‍വശത്തുള്ള കടവില്‍ ശ്രീപത്മനാഭസ്വാമിക്കും മറ്റ് രണ്ട് വിഗ്രഹങ്ങള്‍ക്കും ആറാട്ട് നടക്കും. കൂടിയാറാട്ടിന് എത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് കിഴക്കുഭാഗത്തുള്ള കല്‍മണ്ഡപങ്ങളില്‍ ഇറക്കിപ്പൂജയും ആറാട്ടും നടത്തും. ആറാട്ടിന് ശേഷം ശ്രീപത്മനാഭസ്വാമിയെ കിഴക്കേനട വഴി അകത്തെഴുന്നള്ളിക്കും. ഞായറാഴ്ച ആറാട്ട് കലശം നടക്കും. കോവിഡ്​ പ്രോ​േട്ടാകോൾ നിലനിൽക്കുന്നതിനാൽ ആറാട്ട് ദര്‍ശനത്തിന് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.