ഒത്തുപോകില്ല, കോർപറേഷൻ സെക്രട്ടറിയെ സർക്കാർ മാറ്റി

തിരുവനന്തപുരം: ഇടത്​ ഭരണസമിതിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് കോർപറേഷൻ സെക്രട്ടറി ആർ.എസ്. അനുവിന് സ്ഥാനചലനം. മേയർ കെ. ശ്രീകുമാർ തദ്ദേശ മന്ത്രി എ.സി. മൊയ്തീന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനുവിനെ കുടുംബശ്രീയിൽ സാമൂഹിക വികസന വിഭാഗം പ്രോഗ്രാം ഓഫിസർ തസ്തികയിലേക്ക് നിയമിച്ച്​ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ചൊവ്വാഴ്ച ഉത്തരവിറക്കിയത്. കോർപറേഷൻ അഡീഷനൽ സെക്രട്ടറി കെ.യു. ബിനിക്കാണ് പകരം ചുമതല. നഗരകാര്യ ഡയറക്ടറേറ്റിന് കീഴിലെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ടും അനുവിന് ചുമതല നൽകിയിട്ടുണ്ട്. നാലരവർഷം സെക്രട്ടറിയായിരുന്ന എൽ.എസ്. ദീപക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് ആഗസ്​റ്റ്​ 17നാണ് കൊച്ചി കോർപറേഷനിൽ റീജനൽ ജോയൻറ് ഡയറക്ടറായിരുന്ന ആർ.എസ്. അനുവിനെ കോർപറേഷൻ സെക്രട്ടറിയായി നിയോഗിച്ചത്. എന്നാൽ ഒരുമാസം പോലും പൂർത്തിയാക്കാൻ കഴിയാതെയാണ് അനു കസേര ഒഴിയുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്​ മേയറടക്കമുള്ളവർ സമർപ്പിച്ച പല ഫയലുകളും സെക്രട്ടറിയായിരുന്ന അനു ഒപ്പിടാതെ മടക്കിയിരുന്നു. ഇതിൽ ഭരണപക്ഷത്തെ കൗൺസിലർമാർക്കടക്കം കടുത്ത അമർഷമുണ്ടായിരുന്നു. ഓണക്കാലത്ത് ഓട്ടോ തൊഴിലാളികൾക്ക് കിറ്റ് വിതണം ചെയ്യുന്നതും അറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ശുചീകരണത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്യുന്ന പദ്ധതി സംബന്ധിച്ച ഫയൽ സെക്രട്ടറി മടക്കിയതും ഭരണസമിതിയെ ചൊടിപ്പിച്ചു. സിറ്റി ട്രാഫിക് ഇംപ്രൂവ്മൻെറ് ആൻഡ് പാസഞ്ചേഴ്സ് വെൽഫെയർ ഫണ്ടിൽ നിന്നാണ് ഓട്ടോ തൊഴിലാളികൾക്ക് ആയിരം രൂപയുടെ ഓണക്കിറ്റ് നൽകുന്നതിനുള്ള തുക വിനിയോഗിക്കുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം മതിയായ തുക ഫണ്ടിൽ ഇല്ലാതിരുന്നതിനാൽ തനത് ഫണ്ടിൽനിന്നു പണം ചെലവഴിക്കാൻ ഭരണസമിതി തീരുമാനിച്ചു. എന്നാൽ സർക്കാർ അനുമതിയില്ലാതെ ഇത്തരത്തിൽ ഫണ്ട് വിനിയോഗിക്കാൻ കഴിയില്ലെന്ന നിലപാടാണ് അനു സ്വീകരിച്ചത്. തുടർന്ന് സർക്കാറിൽനിന്ന് അനുമതി വാങ്ങിയാണ് ഓട്ടോത്തൊഴിലാളികൾക്ക് കിറ്റ് വിതരണം നടത്തിയത്. ഇതിന് പുറമെ എല്ലാവർഷവും കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് നൽകാറുള്ള ഓണക്കോടി വിതരണവും സെക്രട്ടറിയുടെ ഇടപെടൽമൂലം നടത്താൻ കഴിഞ്ഞില്ലെന്ന് ഭരണപക്ഷം ആരോപിക്കുന്നു. വാർഡുകളിലെ മാരാമത്തുപണികൾ സംബന്ധിച്ച ഫയലുകൾ സെക്രട്ടറി അനാവശ്യമായി താമസിപ്പിക്കുന്നത് സംബന്ധിച്ചും കൗൺസിലർമാർ മേയർക്ക് പരാതി നൽകിയതോടെയാണ് മേയർ കെ. ശ്രീകുമാർ മന്ത്രിക്ക് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.