ജലീൽ തലസ്​ഥാനത്തെത്തി; ചീമുട്ടയും ചെരിപ്പുമെറിഞ്ഞ് യുവജനസംഘടനകൾ, ലാത്തി വീശി പൊലീസ്

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിലെത്തി. ജില്ലയിലുനീളം ജലീലിൻെറ വാഹനത്തിനു നേരെ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ യുവജനസംഘടനകൾ പലയിടത്തും വാഹനത്തിനുനേരെ ചീമുട്ടയും ചെരിപ്പുമെറിഞ്ഞു. ആറ്റിങ്ങലിൽ യുവമോർച്ചയും കെ.എസ്.യുവും കരിങ്കൊടി കാണിച്ചു. മംഗലപുരത്ത് കോൺഗ്രസ് പ്രവർത്തകരും കഴക്കൂട്ടത്ത് യുവമോർച്ച പ്രവർത്തകരും കരിങ്കൊടി കാണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കരിങ്കൊടിയുമായി റോഡിൽകുത്തിയിരുന്ന്​ വാഹനം തടയാൻ ശ്രമിച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് അറസ്​റ്റ്​ ചെയ്തുനീക്കിയത്. പൊലീസുമായുള്ള പിടിവലിയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കഴക്കൂട്ടത്ത് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ കസ്​റ്റഡിയിലെടുത്തതിനെ തുടർന്ന് ബി.ജെ.പി സ്​റ്റേഷൻ മാർച്ച് നടത്തി. ഇതോടെ കസ്​റ്റഡിയിലെടുത്തവരെ വിട്ടയച്ചു. പ്രതിഷേധങ്ങളുടെ നടുവിലൂടെ ഔദ്യോഗിക വസതിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ജലീലിനെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് പൊലീസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇടയാക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഇതിനിടയിലൂടെയാണ് ജലീല്‍ ഔദ്യോഗിക വസതിയിലേക്ക് പ്രവേശിച്ചത്. അമ്പതോളം പ്രവര്‍ത്തകരെ പൊലീസ് അറസ്​റ്റ്​ ചെയ്ത് നീക്കി. പ്രവര്‍ത്തകരെ അറസ്​റ്റ്​ ചെയ്ത് നീക്കിയ വിവരമറിഞ്ഞ് നിരവധി യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി ഔദ്യോഗികവസതിക്ക് സമീപമെത്തി. ഇവരെയും കൂടുതല്‍ പൊലീസ് എത്തി അറസ്​റ്റ്​ ചെയ്ത് നീക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.