യുവതി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ്

കൊട്ടിയം: നിശ്ചയത്തിനുശേഷം വരൻ വിവാഹത്തിൽനിന്ന്​ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി യുവതിയുടെ പിതാവ്. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. അന്വേഷണസംഘത്തിലെ പ്രധാനിയായ കൊട്ടിയം സി.ഐയും എസ്.ഐമാരും ക്വാറൻറീനിൽ പോയത് അന്വേഷണം ഇഴഞ്ഞുനീങ്ങാൻ ഇടയാക്കുമോ എന്ന്​ സംശയമുള്ളതിനാലാണ് മറ്റൊരു ഏജൻസിയെ ഏൽപിക്കണമെന്ന ആവശ്യവുമായാണ്​ ഇവർ രംഗത്തെത്തിയത്. സംഭവം നടന്ന് ഒമ്പതുദിവസമായിട്ടും യുവാവിനെ മാത്രമാണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ആരോപണവിധേയരായ മറ്റുള്ളവർക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കുന്നെന്നും സംശയമുണ്ട്. സീരിയൽ നടിയെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇവർ ആരോപിച്ചു. വിശ്വാസവഞ്ചന, പോക്സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടില്ല. കഴിഞ്ഞദിവസം വീണ്ടും ചോദ്യംചെയ്യാൻ പൊലീസ് വിളിച്ചിരുന്നെങ്കിലും സീരിയൽ നടി എത്തിയില്ല. ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ ഒമ്പതംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽപേരെ പ്രതിയാക്കാൻ എല്ലാ തെളിവുകളും ശേഖരിക്കത്തക്ക രീതിയിലുള്ള ശാസ്ത്രീയ അന്വേഷണമാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം ഡി.ജി.പിയടക്കമുള്ളവർക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.