'നാവിക്​' പരാജയം: അപകടത്തിരയൊഴിയാതെ മത്സ്യമേഖല

പൂന്തുറ: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ മുന്നറിയിപ്പിനായി വിതരണം ചെയ്​ത നാവിക് ഉപകരണം പൂര്‍ണ പരാജയം. മുന്‍കൂട്ടിയുള്ള കാലാവസ്ഥ മുന്നറിയിപ്പ് ലഭിക്കാത്തത​ു കാരണം മത്സ്യത്തൊഴിലാളികള്‍ അപകടങ്ങളില്‍പെടുന്നുന്നത്​ വർധിക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ മത്സ്യബന്ധത്തിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. നിരവധി വള്ളങ്ങള്‍ അപകടത്തില്‍പെട്ടു. തെളിഞ്ഞ കാലാവസ്ഥയില്‍ തീരത്തുനിന്ന്​ വള്ളമിറക്കുന്നവര്‍ പിന്നീട് കടലിനുള്ളിലേക്ക് പോയിക്കഴിഞ്ഞാല്‍ പിന്നീട്​ കാലാവസ്​ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങൾ മിക്കപ്പോഴും അറിയാറില്ല. ഇത്തരം സാഹചര്യത്തില്‍ കാലാവസ്ഥ വ്യതിയാനം, അപകടമുന്നറിയിപ്പ് എന്നിവ വേഗത്തില്‍ മത്സ്യത്തൊഴിലാളികൾ അറിയാനായി സര്‍ക്കാര്‍ നല്‍കിയ ഉപകരണമാണ് നാവിക്. എന്നാല്‍, ഇതിലൂടെ ഒരു സന്ദേശം പോലും തങ്ങള്‍ക്ക് കൃത്യമായി കിട്ടുന്നി​െല്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 1500 രൂപ വീതം ഗുണഭോക്തൃവിഹിതം വാങ്ങി വള്ളങ്ങളില്‍ ഘടിപ്പിക്കുന്ന ഉപകരണത്തില്‍നിന്ന്​ ഫോണുകളിലേക്ക് സന്ദേശം എത്തിക്കുന്ന തരത്തില്‍ ഐ.എസ്.ആര്‍.ഒയാണ്​ സുരക്ഷാ സംവിധാനം വികസിപ്പിച്ചെടുത്തത്​. കാലാവസ്ഥ നീരിക്ഷണകേന്ദ്രമായ ഇന്‍കോയിസില്‍ നിന്നുള്ള സന്ദേശങ്ങളാണ് ഇതുവഴി നല്‍കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ ഇതില്‍ നിന്നുള്ള സന്ദേശം ലഭിക്കൂ. ഇതുമൂലം പല മത്സ്യത്തൊഴിലാളികളും പണം നല്‍കി വള്ളങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങുകയും ചെയ്തു. എന്നാല്‍, ഇതുവഴി ലഭിക്കുന്ന സന്ദേശങ്ങള്‍ കാര്യക്ഷമമ​െല്ലന്ന് മത്സ്ത്തൈാഴിലാളികള്‍ പറയുന്നു. ഇതിനു പുറമെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശമുള്ള വയര്‍ലെസ് സെറ്റുകളില്‍നിന്ന്​ വരുന്ന സന്ദേശങ്ങള്‍ സ്വീകരിക്കാനും അടിയന്തര വിവരങ്ങൾ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ കൈമാറാനും അവശ്യമായ സംവിധാനങ്ങൾ ഫിഷറീസ് വകുപ്പിനില്ല. നാവിക് ഉപകരണം നിലവിൽവരുന്നതിനുമുമ്പ് കടലില്‍ പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നൽകിയിരുന്ന വയര്‍ലെസ് സെറ്റില്‍നിന്നുള്ള സന്ദേശങ്ങള്‍ ഫിഷറീസ് കേന്ദ്രങ്ങളില്‍ നേരത്തേ കൃത്യമായി ലഭിച്ചിരുന്നു. ഇതിനായി ഫിഷറീസി​ൻെറ വയര്‍ലസ് സ്​റ്റേഷനും ഉണ്ടായിരുന്നു. ഇത് പിന്നീട് നിലച്ചു. പൊന്മുടിയില്‍ സ്ഥാപിച്ചിരുന്ന വയര്‍ലെസ് ടവറിൽനിന്നാണ്​ സന്ദേശങ്ങള്‍ ജില്ലയിലെ ഫിഷറീസ് കേന്ദ്രങ്ങളിലേക്കെത്തിയിരുന്നത്. പൊന്മുടിയിലെ വയര്‍ലെസ് സംവിധാനം ഇല്ലാതായതോടെ ഫിഷറീസിന് വയര്‍ലെസ് സംവിധാനങ്ങള്‍ സ്വീകരിക്കാനോ അയക്കാനോ കഴിയുന്നില്ല. സംസ്ഥാനത്ത് കടലില്‍ പോകുന്ന യാനത്തിന് ലൈസന്‍സ് ലഭിക്കണമെങ്കില്‍ യാനങ്ങളില്‍ വയര്‍ലെസ് സെറ്റ് ഉണ്ടായിരിക്കണം. മിക്ക യാനങ്ങളിലും വയര്‍ലെസ് സെറ്റ് ഉണ്ടെങ്കിലും അത്​ നോക്കുകുത്തിയായി ശേഷിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.