പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ ഉത്സവം ആറുമാസത്തിനു ശേഷം ചടങ്ങുകളോടെ മാത്രമായാണ് നടത്തുന്നത്. 18ന് രാത്രി പള്ളിവേട്ടയും 19ന് വൈകീട്ട് ആറാട്ടും നടക്കും. രാജഭരണ കാലം മുതല്‍ ശംഖുംമുഖം കടപ്പുറത്ത് നടത്തുന്ന ആറാട്ടിനു പകരം ഇക്കുറി ക്ഷേത്രത്തിനു മുന്നിലെ പത്മതീര്‍ഥക്കുളത്തില്‍ ചെറിയതോതിലുള്ള ആറാട്ടാണ് നടത്തുന്നത്. ഉത്സവത്തിന് മുന്നോടിയായി വ്യാഴാഴ്ച രാവിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍നിന്ന്​ മണ്ണുനീര്‍ കോരി. ആഴാതി ഗണേശ് സ്വര്‍ണക്കുടത്തില്‍ കോരിയ മണ്ണുനീര്‍ ആചാരപൂര്‍വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തരണനല്ലൂര്‍ തന്ത്രിമാരായ സതീശന്‍ നമ്പൂതിരിപ്പാട് കിഴക്കേനടയിലെ സ്വര്‍ണക്കൊടിമരത്തിലും സജി നമ്പൂതിരിപ്പാട് തിരുവാമ്പാടിയിലും കൊടിയേറ്റി. എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി. രതീശന്‍, മാനേജര്‍ ബി. ശ്രീകുമാര്‍, ശ്രീകാര്യം നാരായണഅയ്യര്‍, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. നാടകശാല മുഖപ്പില്‍ 10 ദിവസവും പതിവുള്ള കഥകളി, മറ്റ് ക്ഷേത്രകലകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. 17ന് രാത്രി 8.30ന് വലിയകാണിക്കയും 20ന് രാവിലെ ആറാട്ട് കലശവും ഉണ്ടായിരിക്കും. പള്ളിവേട്ടക്ക്​ പത്മവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലേക്ക് എഴുന്നള്ളത്ത് ഉണ്ടായിരിക്കില്ല. പകരം പടിഞ്ഞാറേ നടയില്‍ വേട്ടക്കളം ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉത്സവദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12 മണിവരെയും വൈകീട്ട് 5.30 മുതല്‍ ആറുമണിവരെയും ദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. നവരാത്രിക്കാലത്ത് ആരംഭിക്കുന്ന അല്‍പശി ഉത്സവത്തി​ൻെറ നടത്തിപ്പ് കോവിഡ്​ രോഗവ്യാപനത്തി​ൻെറ സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.