ഭക്ഷ്യധാന്യം നശിച്ച സംഭവം: ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഗോഡൗണുകളിൽ രണ്ടരക്കോടിയുടെ റേഷനരിയും ഗോതമ്പും നശിച്ചതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നു. പ്രത്യേക അന്വേഷണ സംഘത്തിൻെറ റിപ്പോർട്ടിൽ ഭക്ഷ്യവകുപ്പ് സെക്രട്ടറി പി. വേണുഗോപാലിനാണ് അന്വേഷണ മേൽനോട്ട ചുമതല. കഴിഞ്ഞ ആഗസ്​റ്റ്​ രണ്ടിനാണ് സംസ്ഥാനത്തെ സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ 2878.447 ടൺ ഭക്ഷ്യധാന്യം കേടായതായി കണ്ടെത്തിയത്. 2017മുതൽ 2019 വരെയുള്ള അരിയും ഗോതമ്പുമാണ് നശിച്ചത്. എഫ്.സി.ഐയിൽ നിന്നെടുക്കുന്ന അരി മുൻഗണനക്രമത്തിൽ കടകളിലേക്ക് വാതിൽപടി വിതരണം വഴി നൽകുന്നതിൽ ഉദ്യോഗസ്ഥരും തൊഴിലാളികളും കാണിച്ച അലംഭാവമാണ് റേഷൻ സാധനങ്ങൾ നശിക്കാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്. ഗോഡൗണുകളിലെ അപര്യാപ്തതയും ഭക്ഷ്യധാന്യങ്ങൾ നശിക്കാൻ കാരണമായി. ഇതിൽ 1563.955 ടൺ മില്ലുകളിൽ കൊടുത്ത് വീണ്ടും കഴുകി ഉപയോഗിക്കാൻ കഴിഞ്ഞേക്കുമെന്നും ബാക്കിയുള്ളവ കുഴിച്ചുമൂടുകയോ കാലിത്തീറ്റക്കോ വളമായോ ഉപയോഗിക്കുകയോ ചെയ്യാമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എറണാകുളം മുതൽ തിരുവനന്തപുരം വരെ ജില്ലകളിലെ 19 ഗോഡൗണുകളിൽ ആകെ നശിച്ചത് 2445 മെട്രിക് ടൺ ആണ്. നെടുമങ്ങാട് താലൂക്കിലെ അഞ്ച് ഗോഡൗണിൽ മാത്രം 935 മെട്രിക് ടൺ അരി നശിച്ചു. ഇതിൽ 343 മെട്രിക് ടൺ കുഴിച്ചുമൂടുകയോ കാലിത്തീറ്റക്കായി നൽകുകയോ ചെയ്യണമെന്നായിരുന്നു നിർദേശം. തൃശൂർ മുതൽ കാസർകോട് വരെ 12 ഗോഡൗണിൽ 378 മെട്രിക് ടൺ അരിയും 45.19 മെട്രിക് ടൺ േഗാതമ്പും നശിച്ചു. ഇതിൽ കുഴിച്ചുമൂടേണ്ടത് 102 െമട്രിക് ടണ്ണും വളം, കാലിത്തീറ്റക്ക് നൽകേണ്ടത് 90.01 മെട്രിക് ടണ്ണുമാണ്. 955 കിലോ കഴുകി വൃത്തിയാക്കിയാൽ ഉപയോഗിക്കാനാകുമെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. 1563.955 ടൺ ഭക്ഷ്യധാന്യം വീണ്ടും കഴുകി ഉപയോഗിക്കാൻ കഴിഞ്ഞേക്കുമെന്ന കണ്ടെത്തലിൻെറ അടിസ്ഥാനത്തിൽ ഇവ വീണ്ടെടുക്കുന്നതിന് കുന്നന്താനത്തെയും പെരുമ്പാവൂരിലെയും രണ്ട് മില്ലുകളെ സപ്ലൈകോ ടെൻഡറിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവർ ഭക്ഷ്യധാന്യം കഴുകി വൃത്തിയാക്കി സപ്ലൈകോക്ക് തിരികെ നൽകും. നശിപ്പിക്കാനും കാലിത്തീറ്റക്ക് നൽകാനും നിർദേശിച്ച ഭക്ഷ്യധാന്യങ്ങൾ തിരിച്ച് വിപണിയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സപ്ലൈകോക്ക് നിർദേശം നൽകിയിട്ടുണ്ട്. - അനിരു അശോകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.