സെക്രട്ടറിയുമായി അഭിപ്രായഭിന്നത രൂക്ഷം; മന്ത്രിക്ക് പരാതി നൽകി മേയർ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ ഇടത് ഭരണസമിതിയും കോർപറേഷൻ സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി. തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ ഫയലുകളിൽ സെക്രട്ടറി അനാവശ്യ കാലതാമസം വരുത്തുകയാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ സെക്രട്ടറി ആർ.എസ്. അനുവുമായി മുന്നോട്ടുപോകാനാകില്ലെന്ന് മേയർ കെ. ശ്രീകുമാർ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറിക്ക് സ്ഥാനചലനം ഉണ്ടായേക്കുമെന്നാണ് സൂചന. നാലരവർഷം സെക്രട്ടറിയായിരുന്ന എൽ.എസ്. ദീപക്ക്​ സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് ആഗസ്​റ്റ്​ 17നാണ് ആർ.എസ്. അനു കോർപറേഷൻ സെക്രട്ടറിയായെത്തിയത്. കൊച്ചി കോർപറേഷനിൽ റീജനൽ ജോയൻറ് ഡയറക്ടറായിരിക്കെയാണ് തലസ്ഥാനത്ത് സെക്രട്ടറിയായത്. ഓണക്കാലത്ത് ഓട്ടോ തൊഴിലാളികൾക്ക് കിറ്റ് വിതണം ചെയ്യുന്നതും അറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ശുചീകരണത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്യുന്ന പദ്ധതി സംബന്ധിച്ച ഫയലും സെക്രട്ടറി മടക്കിയതാണ് ഭരണസമിതിയെ ചൊടിപ്പിച്ചത്. സിറ്റി ട്രാഫിക് ഇംപ്രൂവ്മൻെറ് ആൻഡ് പാസഞ്ചേഴ്സ് വെൽഫെയർ ഫണ്ടിൽ നിന്നാണ് ഓട്ടോ തൊഴിലാളികൾക്ക് ആയിരം രൂപയുടെ ഓണക്കിറ്റ് നൽകുന്നതിനുള്ള തുക വിനിയോഗിക്കുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം മതിയായ തുക ഫണ്ടിൽ ഇല്ലാതിരുന്നതിനാൽ തനത് ഫണ്ടിൽനിന്നും പണം ചെലവഴിക്കാൻ ഭരണസമിതി തീരുമാനിച്ചു. എന്നാൽ കൗൺസിൽ അംഗീകാരമുണ്ടായിട്ടും ഇതിന് സർക്കാറിന് അനുമതി വേണമെന്ന് സെക്രട്ടറി ഫയലിൽ എഴുതി. തുടർന്ന് അവസാനനിമിഷം സർക്കാർ ഉത്തരവ് നേടിയാണ് ഓട്ടോതൊഴിലാളികൾക്ക് കിറ്റ് വിതരണം നടത്തിയത്. അതേസമയം ശുചീകരണതൊഴിലാളികൾക്ക് എല്ലാവർഷവും നൽകാറുള്ള ഓണക്കോടി വിതരണം ഇക്കുറി നടത്താനായില്ല. കൂടാതെ സ്ഥിരംസമിതി പാസാക്കിയിട്ടും മരാമത്ത്​ പണികൾ സംബന്ധിച്ച ഫയൽ അനാവശ്യമായി താമസിപ്പിക്കുന്നതായും കൗൺസിലറുമാരുടെ ആവശ്യങ്ങൾക്ക് സെക്രട്ടറി ചെവികൊടുക്കുന്നില്ലെന്നും ഭരണകക്ഷി ആരോപിക്കുന്നു. എന്നാൽ മുനിസിപ്പാലിറ്റി നിയമത്തിൻെറ അടിസ്ഥാനത്തിലാണ് ഓണക്കിറ്റ് വിതരണത്തിന് സർക്കാറിൻെറ അനുമതി വേണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടത്​. ശുചീകരണ തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണത്തിന് ഹെൽത്ത് സൂപ്പർവൈസറുടെ പേരിൽ അഞ്ച് ലക്ഷം അഡ്വാൻസ് അനുവദിച്ചിട്ടും ഓണത്തിന് മുമ്പ് ഭരണസമിതി പണമെടുത്തില്ലെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.