ഒാപൺ സർവകലാശാലക്ക്​ 'ഇഗ്​നോ'യുടെ ഘടന ഒഴിവാക്കി; സ്​കൂൾ സ​മ്പ്രദായവും ഇല്ല

തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായി ശ്രീനാരായണഗുരുവി​ൻെറ പേരിൽ ആരംഭിക്കുന്ന ഒാപൺ സർവകലാശാലക്ക്​ ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്​സിറ്റിയുടെ (ഇഗ്​നോ) ഘടന സർക്കാർ തള്ളി. സർവകലാശാല ആരംഭിക്കുന്നതിന്​ സംസ്ഥാന സർക്കാർ നിയോഗിച്ച സ്​പെഷൽ ഒാഫിസർ ഡോ. ജെ. പ്രഭാഷ്​ കഴിഞ്ഞവർഷം ജൂൺ 12ന്​ സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്​തത്​​ ഇഗ്​നോക്ക്​ സമാന ഭരണ, അക്കാദമിക ഘടനയായിരുന്നു. 11 അംഗ എക്​സിക്യൂട്ടിവ്​ കൗൺസിലും 30 മുതൽ 35 വരെ അംഗങ്ങളുണ്ടാകുന്ന അക്കാദമിക്​ ആൻഡ്​​ റിസർച്​ കൗൺസിൽ എന്നിങ്ങനെയുള്ള ദ്വിതല സമിതിയായിരുന്നു നിർദേശിച്ചത്​​. വിദൂരവിദ്യാഭ്യാസത്തിലെ മാതൃക സ്​ഥാപനം എന്ന നിലയിലാണ്​ ഇഗ​്​നോയുടെ ഘടന മുന്നാട്ടുവെച്ചിരുന്നത്​. എന്നാൽ, കേരളത്തിലെ ഇതര സർവകലാശാല മാതൃകയിലുള്ള ഘടന മതിയെന്ന നിർദേശത്തെതുടർന്ന്​ കഴിഞ്ഞ ജനുവരിയിൽ റിപ്പോർട്ട്​ ഇതിനനുസൃതമായി ഭേദഗതി ചെയ്​തുവാങ്ങി. എക്​സിക്യൂട്ടിവ്​ കൗൺസിലിന്​ പകരം സിൻഡിക്കേറ്റും അക്കാദമിക്​ ആൻഡ്​ റിസർച്​ കൗൺസിലിന്​ പകരം അക്കാദമിക്​ കൗൺസിലുമാക്കി മാറ്റി. ഇതിനനുസൃതമായാണ്​ കരട്​ ഒാർഡിനൻസും തയാറാക്കിയത്​. മറ്റ്​ സർവകലാശാലകളിലെ സെനറ്റിന്​ സമാനമായ സമിതി ഒാപൺ സർവകലാശാലക്ക്​ ഉണ്ടാകില്ല. സമാനസ്വഭാവമുള്ള പഠനവകുപ്പുകൾ ഒന്നിപ്പിച്ച്​ സ്​കൂൾ സ​മ്പ്രദായം ആദ്യ റിപ്പോർട്ടിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട്​ ഒഴിവാക്കി. സ്​കൂളുകൾക്ക്​ ഡയറക്​ടർമാർ, ഡയറക്​ടർമാർ അടങ്ങിയ ഡയറക്​ടേഴ്​സ്​ കൗൺസിൽ എന്നീ സംവിധാനങ്ങളും ആദ്യ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പഠനവകുപ്പുകൾ തയാറാക്കുന്ന പാഠ്യപദ്ധതി ഡയറക്​ടേഴ്​സ്​ കൗൺസിലി​ൻെറ അംഗീകാരത്തോടെ അക്കാദമിക്​ ആൻഡ്​​ റിസർച് കൗൺസിലിന്​ സമർപ്പിക്കുന്ന രീതിയാണ്​ നിർദേശിച്ചിരുന്നത്​. ഇതിന്​ പകരം മറ്റ്​ സർവകലാശാലകളിലേതിന്​ സമാനരീതിയിൽ ബോർഡ്​ ഒാഫ്​ സ്​റ്റഡീസ്​ സിലബസ്​ തയാറാക്കി അക്കാദമിക്​ കൗൺസിലിന്​ സമർപ്പിക്കുന്ന രീതിയാണ്​ അംഗീകരിച്ചത്​. വൈസ്​ ചാൻസലർ, പ്രോ വൈസ്​ ചാൻസലർ, രജിസ്​ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ്​ ഒാഫിസർ പദവികൾ മറ്റ്​ സർവകലാശാലകളിലേതുപോലെ തന്നെയായിരിക്കും. ആദ്യ വി.സിയെയും പ്രോ വി.സിയെയും സർക്കാറിന്​ നിയമിക്കാനാകും. സ്​പെഷൽ ഒാഫിസറായിരുന്ന കേരള സർവകലാശാല മുൻ പ്രോ വി.സി ഡോ. പ്രഭാഷി​ൻെറത്​ ഉൾപ്പെടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്​. -കെ. നൗഫൽ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.