അയ്യൻകാളിയെ ട്രഷറി ഡയറക്ടർ അപമാനിച്ചു ^ജോയൻറ്​ കൗൺസിൽ

അയ്യൻകാളിയെ ട്രഷറി ഡയറക്ടർ അപമാനിച്ചു -ജോയൻറ്​ കൗൺസിൽ തിരുവനന്തപുരം: മഹാത്മാ അയ്യൻകാളിയെ ട്രഷറി ഡയറക്​ടർ അപമാനിച്ചതായി ജോയൻറ്​ കൗൺസിൽ ആരോപിച്ചു. ട്രഷറി സോഫ്​റ്റ്​​വെയറിലെ അപാകത മൂലം ആഗസ്​റ്റിലെ അവസാന പ്രവൃത്തിദിവസത്തിലും പാസാക്കാൻ കഴിയാത്ത ബില്ലുകൾ പാസാക്കുന്നതിനായി അയ്യൻകാളി ദിനം ട്രഷറി പ്രവർത്തിപ്പിക്കണമെന്ന ഡയറക്ടറുടെ ഉത്തരവ് ജീവനക്കാർ പൂർണ മനസ്സോടെ ഏറ്റെടുക്കുകയും ഉത്തരവാദിത്തം നിറവേറ്റുകയുമുണ്ടായി. ഒരുതരത്തിലുള്ള പരാതിയും ഏതെങ്കിലും വിഭാഗം ജീവനക്കാരോ സംഘടനകളോ ഉയർത്തിയില്ല. എന്നാൽ 28ന് ഉച്ചക്ക്​ 2.30ന് പട്ടികജാതി-വർഗവിഭാഗം ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നുവെന്ന അറിയിപ്പ് ട്രഷറി ഡയറക്ടർ പുറപ്പെടുവിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ജാതി തിരിച്ച് ഇറക്കിവിടുകയും ചെയ്യുകയുണ്ടായി. ഇത് ജീവനക്കാർക്ക് അപമാനകരമാണ്​. ജീവനക്കാരെ അപമാനിക്കുന്ന തരത്തിൽ തുടർച്ചയായി ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഡയറക്ടർക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ ജി. മോട്ടിലാലും ജനറൽ സെക്രട്ടറി എസ്​. വിജയകുമാരൻ നായരും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.