അന്തർദേശീയ നിലവാരത്തിലേക്ക്​ കാപ്പുകാട്​

അരുവിക്കര മണ്ഡലം അഗസ്ത്യവനത്തിലെ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്ക്​ ആക്കുന്നതിനായി 108 കോടി രൂപയാണ് കിഫ്ബി വഴി ഉള്‍പ്പെടുത്തിയത്. ആനകളുടെ പുനരധിവാസവും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സഞ്ചാരികള്‍ക്ക് ആനകളെ അടുത്ത് കാണുന്നതിനുള്ള അവസരവും ലക്ഷ്യമിട്ട് ആരംഭിച്ച പാര്‍ക്കാണ് അന്തർദ്ദേശീയ നിലവാരത്തിലേക്ക്​ നീങ്ങുന്നത്. അഗസ്ത്യവനത്തിലെ കാപ്പുകാട് വനമേഖലയിൽ 2008 ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. കാട്ടിൽ കൂട്ടം തെറ്റി കിട്ടുന്ന കുട്ടിയാനകൾ, ജനവാസ മേഖലകളിലിറങ്ങി സ്ഥിരമായി നാശം വരുത്തുന്ന കാട്ടാനകൾ, ആന ക്യാമ്പുകളിലെ പ്രായം ചെന്ന ആനകൾ, മനുഷ്യ​ൻെറ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ എന്നിവയാണ് ഇപ്പോള്‍ ഇവിടുള്ളത്. വിവിധ പ്രായത്തിലുള്ള 16 ആനകൾ പുനരധിവാസ കേന്ദ്രത്തിലിപ്പോഴുണ്ട്. 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ ഇവിടം അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. മനുഷ്യമേഖലയെന്നും ആനകളുടെ മേഖലയെന്നും രണ്ടായി തിരിച്ചാണ് കേന്ദ്രം സജ്ജമാകുന്നത്. കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാർപ്പിക്കുന്നതിനുള്ള സങ്കേതമുണ്ട്. കാട്ടിൽനിന്ന്​ ലഭിക്കുന്ന കുട്ടിയാനകളെ പരിചരിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രവും ഇവിടെ സജ്ജമാകും. ആനകൾക്കായി വലിയ കുളങ്ങളും ഇവിടെ ഒരുക്കും. ആനകളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി, ലബോറട്ടറി, ഓപറേഷൻ തിയറ്റർ, ഇണചേരുന്നതിനുള്ള സൗകര്യവും സജ്ജമാക്കും. എൻട്രൻസ് പ്ലാസയും ഓഫിസ് സമുച്ചയവും മിനി ആംഫി തിയറ്ററും സന്ദർശകർക്കും ഉദ്യോഗസ്ഥർക്കും പാർപ്പിട സമുച്ചയവും ഭക്ഷണശാലയും ശുചിമുറികളുമെല്ലാം ഒരുങ്ങുന്നുണ്ട്. ആനകളുടെ നാച്വറൽ ഹിസ്​റ്ററി മ്യൂസിയമാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന​െപ്പട്ടത്. ആനകൾ അതി​ൻെറ സ്വാഭാവിക പരിതഃസ്ഥിതിയിൽ വിഹരിക്കുന്നത് ഏറ്റവും അടുത്ത്, സുരക്ഷിതമായി കാണാനാകും എന്നത് ഈ കേന്ദ്രത്തെ വ്യത്യസ്തമാക്കും. ആന പുനരധിവാസവും സഞ്ചാരികള്‍ക്ക് കാഴ്ച ഒരുക്കുന്നതും കൊണ്ട് തീരുന്നതല്ല കോട്ടൂരിലെ കേന്ദ്രം. ഒരു ഗവേഷണ-പരീശീലന കേന്ദ്രം കൂടി ഇതിനൊപ്പം പ്രവർത്തിക്കും. 40ൽ അധികം ഗവേഷണ വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് ക്ലാസ് മുറികളാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാകുന്നത്. തിരുവനന്തപുരം ഹാബിറ്റാറ്റ്, ആർ.ടി.എഫ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് പ്രോജക്ട് തയാറാക്കിയത്. നെയ്യാർ- പേപ്പാറ വനവികസന ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. സംസ്ഥാന ഭവനനിർമാണ ബോർഡിനാണ് നിർവഹണ ചുമതല. - ശബരീനാഥന്‍ എം.എല്‍.എ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തി​ലെ ​പ്രവൃത്തികൾ വേഗത്തിലാക്കി ആദ്യഘട്ടം പൂർത്തിയാക്കാനുള്ള ​ശ്രമത്തിലാണെന്ന്​ കെ.എസ്​. ശബരീനാഥൻ എം.എൽ.എ. 2020 ഡിസംബറോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണം തുടങ്ങിയത്. എന്നാൽ കോവിഡ്​ നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം പ്രവൃത്തികൾ തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.