സെക്രട്ടേറിയേറ്റിന്​ മുന്നിൽ തെരുവുയുദ്ധം

തിരുവനന്തപുരം: ചൊവ്വാഴ്ച വൈകീട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ മണിക്കൂറുകളോളം അരങ്ങേറിയത് തെരുവുയുദ്ധം. അഞ്ചോടെ സെക്ര​േട്ടറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായെന്ന വാർത്ത പുറത്തെത്തിയതിന് പിന്നാലെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് സെക്രട്ടേറിയറ്റിലെ സമരഗേറ്റിന് മുന്നിൽ യുവജന സംഘടനാ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ നിയന്ത്രിക്കാൻ കഴിയാതെ പൊലീസ് ഒന്നിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു. തീപിടിത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്ര​േട്ടറിയറ്റ് മാർച്ചിലാണ് സംഘർഷമുണ്ടായത്. സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നാലുമണിക്കൂറോളം പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. രാത്രി 9.30 ഓടെയാണ് പ്രവർത്തകർ മടങ്ങിയത്. സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ്​ സുധീർഷാ പാലോട്, സംസ്ഥാന വൈസ് പ്രസിഡൻറ്​​ എൻ.എസ്. നുസൂർ, എസ്.എം. ബാലു, നേമം ഷജീർ, വീണ എസ്. നായർ എന്നിവർ നേതൃത്വം നൽകി. കെ.പി.സി.സി ജന.സെക്രട്ടറി ജോതികുമാർ ചാമക്കാല, കെ.എസ്.യു പ്രസിഡൻറ്​ കെ.എം. അഭിജിത് എന്നിവർ സംസാരിച്ചു. യുവമോർച്ച, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, എസ്.ഡി.പി.ഐ സംഘടനകൾ നടത്തിയ മാ‌ർച്ചുകളും അക്രമാസക്തമായി. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. സർക്കാർ പരസ്യമുള്ള ഫ്ലക്സ് ബോ‌ർഡുകളും മുഖ്യമന്ത്രിയുടെ ചിത്രങ്ങളും പ്രവർത്തകർ വലിച്ചുകീറി. സംഘടനകൾ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തിയായിരുന്നു പ്രതിഷേധങ്ങൾ. സെക്ര​േട്ടറിയറ്റിലേക്കുള്ള എല്ലാ ഗേറ്റുകളും പൂട്ടി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ബുധനാഴ്ചയും യുവജനസംഘടനകളുടെ പ്രതിഷേധം തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.