'കരുതൽ' ഉൽപന്ന വിപണന കാമ്പയിനുമായി കുടുംബശ്രീ

തിരുവനന്തപുരം: ലോക്​ഡൗണിനെതുടർന്ന് നഷ്​ടത്തിലായ കുടുംബശ്രീ സംരംഭകർക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്നതിന്​ സംഘടിപ്പിക്കുന്ന 'കരുതൽ' ഉൽപന്ന വിപണന കാമ്പയി​ൻെറ ഭാഗമായി കുടുംബശ്രീ ഓണകിറ്റുകൾ തയാറാക്കി അയൽകൂട്ടങ്ങളിൽ വിതരണം ചെയ്യും. സംസ്​ഥാനത്താകെ മൂന്ന് ലക്ഷം അയൽകൂട്ടങ്ങളിലായി 43 ലക്ഷം അംഗങ്ങളുണ്ട്. ഓരോ ജില്ലയിലും ജില്ല മിഷ​ൻെറ നേതൃത്വത്തിൽ കിറ്റുകൾ വിതരണത്തിന് തയാറായിവരുന്നു. കാമ്പയിൻ സെപ്റ്റംബർ 30ന് അവസാനിക്കും. അരിപ്പൊടി, ആട്ടമാവ്, മല്ലിപ്പൊടി, സാമ്പാർ പൊടി, മുളക്പൊടി, വെളിച്ചെണ്ണ, അച്ചാർ എന്നിവയുൾപ്പെടെ 21 ഉൽപന്നങ്ങളാണ് കിറ്റിലുള്ളത്. കിറ്റൊന്നിന് 500 രൂപയാണ് ഓരോ അയൽക്കൂട്ട അംഗവും നൽകേണ്ടത്. ഈ തുക പരമാവധി 20 തവണകളായി അയൽക്കൂട്ടങ്ങളിൽ അടച്ചാൽ മതിയാകും. അയൽക്കൂട്ട അംഗങ്ങളല്ലാത്തവർക്കും കുടുംബശ്രീ കിറ്റ് വാങ്ങാനാകും. സംരംഭകരിൽ നിന്നും ഉൽപന്നങ്ങളുടെ വിശദാംശങ്ങളും വിലവിവരവും ശേഖരിച്ചത് ജില്ല മിഷനുകളാണ്. ഇക്കാര്യം സി.ഡി.എസുകളെയും അറിയിച്ചിട്ടുണ്ട്. അയൽക്കൂട്ടങ്ങൾക്ക് ആവശ്യമുള്ള കിറ്റുകളുടെ എണ്ണം ജില്ല മിഷനെ അറിയിക്കാനുള്ള ചുമതലയും കിറ്റിൽ ഉൾപ്പെടുത്താനുള്ള പച്ചക്കറി സമാഹരണവും നിർവഹിക്കേണ്ടത് സി.ഡി.എസുകളാണ്. നിലവിൽ കാർഷിക-കാർഷികേതര മേഖലകളിലെ വിവിധ സംരംഭങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ശേഖരിച്ച് കിറ്റുകളിൽ പായ്ക്കുചെയ്യുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാന്ദ്യം നേരിട്ട സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക, കാർഷിക സൂക്ഷ്മസംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരെ േപ്രാത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ്​ 'കരുതൽ' ഉൽപന്ന വിപണന കാമ്പയിൻ സംഘടിപ്പിക്കുന്നത്. കാമ്പയിൻ വഴി അഞ്ചുകോടി രൂപ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.