വർക്കല താലൂക്ക് ആശുപത്രിയിലെ ശുചിമുറികൾ പൂട്ടി; നട്ടംതിരിഞ്ഞ് രോഗികൾ

കോവിഡ് ടെസ്​റ്റിനെത്തിയവരും വലഞ്ഞു വർക്കല: കോവിഡ് ടെസ്​റ്റിനെത്തുന്നവരെ ആറുമണിക്കൂറോളം ആശുപത്രി വരാന്തയിലിരുത്തി അധികൃതർ. ഇതിനിടയിൽ പ്രാഥമിക കൃത്യങ്ങൾ നടത്താൻ പോലുമാകാതെ കുഴഞ്ഞുവീഴുമെന്ന ഘട്ടംവരെയെത്തി രോഗികൾ. പരാതിപ്പെട്ടിട്ടും ശുചിമുറികളിലൊന്നുപോലും തുറന്നുകൊടുക്കാതെ അധികാരത്തി​ൻെറ ഗർവ്​. വർക്കല താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞദിവസം രാത്രിയാണ്​ സംഭവം. വർക്കലയിലെ ഒരു ഹോട്ടൽ ജീവനക്കാരിയും മൂന്ന് സ്ത്രീകളുമാണ് ശുചിമുറിയിൽ പോകാനാവാതെ അഞ്ച്​ മണിക്കൂറുകൾ ആശുപത്രി തിണ്ണയിലിരുന്നത്. പത്ത് ദിവസം മുമ്പ്​ വർക്കലയിലെ ഒരു ഹോട്ടൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെതുടർന്ന് ഹോട്ടൽ അടച്ചുപൂട്ടുകയും ഉടമസ്ഥനും മറ്റ് ജീവനക്കാരും ക്വാറൻറീനിൽ പ്രവേശിക്കുകയും ചെയ്തു. തിങ്കളാഴ്ച ഒരു ജീവനക്കാരിയുടെ പരിശോധനഫലം പോസിറ്റീവായി. ഫലം വന്നയുടനെ തന്നെ അവരെയും കൂട്ടി ഭർത്താവ് ആശുപത്രിയിലെത്തി. ഉച്ചക്ക് രണ്ടിന് ആശുപത്രിയിലെത്തിയ ഇവരോട് കാത്തിരിക്കാനായിരുന്നു അധികൃതരുടെ നിർദേശം. നാലോടെ കോവിഡ് പോസിറ്റീവായ സ്ത്രീക്ക് ശുചിമുറിയിൽ പോകണമെന്നുവന്നു. വിവരം നഴ്സുമാരോട് പറഞ്ഞപ്പോൾ 'ആശുപത്രി വളപ്പിലെ ശുചിമുറിയിൽ പോകൂ' എന്ന്​ മറുപടിയും ലഭിച്ചത്രെ. എന്നാൽ എല്ലാ ശുചിമുറികളും പൂട്ടിയിട്ട നിലയിലായിരുന്നു. നിരാശരായി മടങ്ങിയെത്തിയ കോവിഡ് രോഗികൾ കൂടിയായ ഇവർ വീണ്ടും വരാന്തയിൽ കാത്തിരുന്നു. ഇവരെ ക്വാറൻറീൻ സൻെററിലെ കോവിഡ് ആശുപത്രിയിലക്ക്​ മാറ്റണമെന്ന് ബന്ധുക്കൾ നിരവധിതവണ ആശുപത്രി അധികൃതരോട് അഭ്യർഥിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം 'വാഹനമില്ല, കാത്തിരിക്കൂ' എന്ന പതിവ് മറുപടി അധികൃതർ ആവർത്തിച്ചുകൊണ്ടേയിരുന്നു. സ്ത്രീകൾ ​വൈകീട്ട്​ ആറ് വരെ കാത്തിരുന്നുവലഞ്ഞു. വയർ വീങ്ങിയും ശരീരം കുഴഞ്ഞും നിലത്തുവീഴുമെന്നായപ്പോൾ ഇവർ വീണ്ടും നഴ്സുമാരെ സമീപിച്ചു. മൂത്രമൊഴിക്കാൻ ജീവനക്കാരുടെ ശുചിമുറിയിലെങ്കിലും അനുവാദം തരണമെന്ന് കെഞ്ചിപ്പറഞ്ഞു. എന്നാൽ 'ആശുപത്രി വളപ്പിലെവിടെങ്കിലും സാധിക്കൂ...' എന്ന ആക്ഷേപമായിരുന്നു മറുപടിയായി ലഭിച്ചതെന്ന് സ്ത്രീകളുടെ ബന്ധുക്കൾ പറഞ്ഞു. പിന്നെയും രണ്ടര മണിക്കൂറുകൾ ഈ സ്ത്രീ രോഗികളും അവരുടെ ഭർത്താക്കന്മാരും നിസ്സഹായരായി കാത്തിരുന്നു. ഇതിലൊരു സ്ത്രീയുടെ ഭർത്താവ് ഒരു പ്രമുഖ പത്രസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അയാൾ വിഷയം പത്രക്കാരെ വിളിച്ചുപറയുന്നത് കേട്ടയുടനെയാണ് ആശുപത്രി ജീവനക്കാർക്ക് ബോധോദയമുണ്ടായത്. പിന്നെ കാര്യങ്ങൾ എളുപ്പമായി. പത്ത്​ മിനിറ്റിനുള്ളിൽ ആംബുലൻസ് വരികയും സ്ത്രീകളെ കയറ്റി അകത്തുമുറി കോവിഡ് ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. അപ്പോഴും പക്ഷേ, ആശുപത്രിയിലെ പൂട്ടിയിട്ടിരുന്ന ശുചിമുറികളിലൊന്നുപോലും മൂത്രശങ്കയാൽ തളർന്നുപോയ ആ സ്ത്രീകൾക്കുമുന്നിൽ തുറന്നുകൊടുക്കപ്പെട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.