ചുനക്കര രാമൻകുട്ടി അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. തിരുമല രേണുകനിവാസിലായിരുന്നു താമസം. ഏതാനും ദിവസം മുമ്പ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച. 1936 ജനുവരി 19ന് മാവേലിക്കര ചുനക്കര കാര്യാട്ടിൽ വീട്ടിൽ കൃഷ്ണ​ൻെറയും നാരായണിയുടെയും മകനായാണ്​ ജനനം. ചുനക്കര സ്കൂൾ, പന്തളം എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിൽനിന്ന്​ വിദ്യാഭ്യാസം പൂർത്തിയാക്കി. പന്തളം എൻ.എസ്.എസ് കോളജിൽനിന്ന് മലയാളത്തിൽ ബിരുദമെടുത്തു. 75 ഓളം സിനിമകളിലായി ഇരുനൂറിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 'ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ' എന്ന വരി മാത്രം മതി ചുനക്കര രാമൻകുട്ടി എന്ന ഗാനരചയിതാവിനെ ചലച്ചിത്രഗാനാസ്വാദകർ എക്കാലവും ഓർത്തിരിക്കാൻ. അഗ്​നിസന്ധ്യ, യുഗരശ്മികൾ, ബാപ്പുജി കരയുന്നു, എ​ൻെറ ഭാരതം, സ്നേഹാടനക്കിളികൾ, ഇത് ഭാരതം, മഹാഗണി, സഞ്ചാരി തുടങ്ങിയ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി ലളിതഗാനങ്ങളിലൂടെയാണ് പ്രസിദ്ധനായത്. കൊല്ലം അസീസി, മലങ്കര തിയറ്റേഴ്സ്, കൊല്ലം ഗായത്രി തിയറ്റേഴ്സ് തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചു. പിന്നീട് മലയാള നാടകവേദി എന്ന പേരിൽ സ്വന്തം നാടകസമിതിയും തുടങ്ങി. നൂറുകണക്കിന് നാടകഗാനങ്ങൾ എഴുതി. വ്യവസായവാണിജ്യവകുപ്പിൽ ജോലി കിട്ടിയതിനെ തുടർന്നാണ്​ തിരുവനന്തപുരം ആകാശവാണിയിലേക്കുള്ള വഴിതുറന്നത്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി. മരുമക്കൾ: സി. അശോക് കുമാർ (റിട്ട.ഹെൽത്ത് ഡിപ്പാർട്​മൻെറ്)പി.ടി. സജി (മുംബൈ റെയിൽവേ), കെ.എസ്. ശ്രീകുമാർ (സി.ഐ.എഫ്.ടി). 2015ൽ സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.