ഹരിത ട്രൈബ്യൂണൽ വിധിക്ക് സ്​റ്റേ: സർക്കാർ നിലപാട് വ്യക്തമാക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹരജിയിൽ ഹൈകോടതി ഏർപ്പെടുത്തിയ സ്​റ്റേ സംബന്ധിച്ച്​ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം പറഞ്ഞു. കേസിൽ സർക്കാർ ക്വാറി മാഫിയകൾക്കൊപ്പം നിൽക്കരുത്. ജനജീവിതത്തെയും പ്രകൃതിയെയും സാരമായി ബാധിക്കുന്ന രീതിയിൽ ജനവാസസ്ഥലത്തുനിന്ന് 50 മീറ്റർ മാത്രം ദൂരപരിധി നിശ്ചയിച്ചുകൊണ്ട് ക്വാറി മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന തരത്തിൽ സർക്കാർ നൽകിയ അനുമതി റദ്ദ് ചെയ്തുകൊണ്ടാണ് ഹരിത ട്രൈബ്യൂണൽ ക്വാറിപ്രവർത്തനങ്ങളുടെ പരിധി ജനവാസമേഖലയിൽനിന്ന്​ 100 മുതൽ 200 മീറ്റർ വരെ മാറ്റി നിശ്ചയിച്ച്​ വിധി പുറപ്പെടുവിച്ചിരുന്നത്. ഹരിത ട്രൈബ്യൂണൽ വിധി നടപ്പാക്കിയാൽ 90 ശതമാനത്തിലധികം അനധികൃത ക്വാറികളും നിരോധിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ സർക്കാർ ക്വാറി മാഫിയകളെ സഹായിക്കുന്ന നിലപാടാണ്​ ഇപ്പോൾ സ്വീകരിക്കുന്നത്. പ്രളയവും പ്രകൃതിദുരന്തങ്ങളും നിത്യസംഭവമായ കേരളത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാറിൻെറയും മാഫിയകളുടെയും ജനവഞ്ചനക്കെതിരെ പ്രക്ഷോഭം രൂപപ്പെടണമെന്നും അദ്ദേഹം പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.