സർവിസ് നടത്തിയ ബസിലെ ഡ്രൈവർക്ക് കോവിഡ്; വഴിയിൽ തടഞ്ഞ് ആശുപത്രിയിലാക്കി

കൊട്ടിയം: യാത്രക്കാരുമായി സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലേക്ക്​ പോയ ബസ് കുണ്ടുമണിൽ തടഞ്ഞ് ഡ്രൈവറെ ആശുപത്രിയിലേക്കും യാത്രക്കാരെ സ്വകാര്യ മെഡിക്കൽ കോളജിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്കും മാറ്റി. കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ വേണാട് ലിമിറ്റഡ് സ്​റ്റോപ് ബസിലെ ഡ്രൈവറായ വാളത്തുംഗൽ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാവിലെ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക് ആരോഗ്യവകുപ്പിൻെറ മേൽനോട്ടത്തിൽ ആൻറിജൻ പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം വരുംമുന്നേ കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലേക്ക് ബസ് പുറപ്പെട്ടു. ബസ് കണ്ണനല്ലൂരും കഴിഞ്ഞ് കുണ്ടുമൺ എത്തിയപ്പോഴാണ് ഡ്രൈവർക്ക് പോസിറ്റീവാ​െണന്ന പരിശോധനഫലം എത്തുന്നത്. ഉടൻ വിവരം കണ്ണനല്ലൂർ പൊലീസിനും ആരോഗ്യ വിഭാഗത്തിനും കൈമാറി. നെടുമ്പന പഞ്ചായത്ത് പ്രസിഡൻറ് എസ്. നാസറുദ്ദീൻ, പഞ്ചായത്തംഗം റാഫി എന്നിവരുടെ നേതൃത്വത്തിൽ കുണ്ടുമണിൽ തടഞ്ഞ് നടപടി സ്വീകരിക്കുകയായിരുന്നു. 108 ആംബുലൻസ് എത്തിയാണ്​ ഡ്രൈവറെ ജില്ല ആശുപത്രിയിലേക്കും കണ്ടക്ടറടക്കം 16 യാത്രക്കാരെ സ്വകാര്യ മെഡിക്കൽ കോളജിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്കും എത്തിച്ചത്​. കൊല്ലത്തുനിന്ന്​ പുറപ്പെട്ട ബസിൽ 20 യാത്രക്കാരാണുണ്ടായിരുന്നത്. നാലുപേർ കണ്ണനല്ലൂരിൽ ഇറങ്ങി. ഇവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.