രണ്ടാംവട്ടം മിന്നും ജയം നേടി ഡോ. അരുൺ എസ്​. നായർ (ചിത്രം മെയിലിൽ)

കിളിമാനൂർ: പ്രാഥമിക വിദ്യാഭ്യാസകാലത്ത് മനസ്സിൻെറ കോണിൽ കയറിക്കൂടിയ ഇന്ത്യൻ സിവിൽ സർവിസ് എന്ന മോഹത്തെ 27ാം വയസ്സിൽ പൂർത്തീകരിച്ച സന്തോഷത്തിലാണ് ഡോ. അരുൺ എസ്.നായർ എന്ന തികച്ചും ഗ്രാമീണനായ ചെറുപ്പക്കാരൻ. സിവിൽ സർജൻകൂടിയായ അരുൺ കോവിഡ് പശ്ചാത്തലത്തിൽ ഡൽഹിയിൽനിന്ന്​ നാട്ടിലെത്തി സ്വയം നിരീക്ഷണത്തിൽ വീട്ടിൽ കഴിയുകയാണ്​. ത​ൻെറ വിജയം കുടുംബവുമായോ സുഹൃത്തുക്കളുമായോ പങ്കിടാൻ കഴിയാത്തതിലുള്ള വിഷമവും ഈ ചെറുപ്പക്കാരനുണ്ട്. സിവിൽ സർവിസിൽ ദേശീയതലത്തിൽ 55ാം റാങ്കും സംസ്ഥാനതലത്തിൽ അഞ്ചാം റാങ്കും നേടി സംസ്ഥാനത്തിനാകെ അഭിമാനമായിരിക്കുകയാണ് അരുൺ. കടയ്ക്കൽ സ്വാമിമുക്ക് അരുണോദയത്തിൽ റിട്ട. പട്ടാളക്കാരനായ സുരേന്ദ്രൻ നായരുടെയും ബിന്ദുവി​ൻെറയും മൂത്ത മകനാണ്. ഏക സഹോദരി അക്ഷയ ബംഗളൂരുവിൽ ബി.എസ്​സി അഗ്രിക്കൾച്ചർ വിദ്യാർഥിനിയാണ്. കടയ്ക്കൽ മുക്കട ഗവ.എൽ.പി സ്കൂൾ, കടയ്ക്കൽ ഗവ.യു.പി.എസ്, ഗവ.എച്ച്.എസ്.എസ് കടയ്ക്കൽ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡ് നേടിയ അരുൺ സംസ്ഥാനതലത്തിൽ മൂന്നാം റാങ്കോടെയാണ് പ്ലസ് ടു പരീക്ഷയിൽ വിജയിച്ചത്‌. മെഡിക്കൽ എൻട്രൻസിൽ സംസ്ഥാനതലത്തിൽ നാലാം റാങ്കോടെ പാസായി. തുടർന്ന് അഞ്ചുവർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠനം. അപ്പോഴും ഐ.എ.എസ് എന്ന മോഹം വിട്ടില്ല. സ്വയം തയാറെടുപ്പോടെ 2018ൽ പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെട്ടു. 2019ൽ രണ്ടാംഘട്ടത്തിൽ വിജയം കൈവരിക്കുകയായിരുന്നു. തീവ്രമായ ആഗ്രഹവും ആത്മാർഥമായ പരിശ്രമവുമുണ്ടെങ്കിൽ ഏത് ലക്ഷ്യത്തിലും എത്തിച്ചേരാമെന്നും പൊതുവിദ്യാലയത്തിലെ പഠനം പോരായ്മയായി കാണരുതെന്നും ഡോ. അരുൺ എസ്.നായർ പുതുതലമുറയോട് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.