ബക്രീദിൽ പ്രതീക്ഷ ഉണരുന്നു വിപണിയിൽ

കോവിഡ് കാല ആശങ്കകളാല്‍ ആരവങ്ങളില്ലെങ്കിലും ബക്രീദ് വിപണി സജീവം. വാണിജ്യനഗരമായ ആറ്റിങ്ങല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത തുരുത്തായി നിലനില്‍ക്കുന്നത് ബക്രീദ് ഒരുക്കങ്ങള്‍ക്ക് തദ്ദേശീയര്‍ക്ക് സഹായകമായി. പലവ്യഞ്​ജനം മുതല്‍ വസ്ത്രവ്യാപാര മേഖലയില്‍ വരെ ഉണര്‍വേകാന്‍ ഇതോടെ ബക്രീദ് വരവിന് സാധിച്ചു. ചെറിയ പെരുന്നാളിന് മസ്ജിദുകള്‍ പൂര്‍ണമായും അടച്ചിട്ടിരുന്നതിനാല്‍ പെരുന്നാള്‍നമസ്‌കാരം പോലും നടന്നിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബക്രീദിന് കണ്ടെയ്‌ൻമൻെറ്​ സോണ്‍ അല്ലാത്ത സ്ഥലങ്ങളിലെ മസ്ജിദുകളില്‍ നമസ്‌കാരത്തിന്​ അനുമതിയുണ്ട്. ഇതിനാല്‍തന്നെ പെരുന്നാള്‍കോടി എടുക്കുന്നതിനുള്‍പ്പെടെ വിശ്വാസികള്‍ തുടക്കമിട്ടു. ഇത് വസ്ത്രവിപണിയെ സജീവമാക്കുന്നു. അഞ്ച് മാസത്തോളം നിര്‍ജീവമായിരുന്ന വസ്ത്രവിപണന മേഖലക്കാണ് ബക്രീദ് ഉണര്‍വ് പകര്‍ന്നത്. പെരുന്നാളിന് പുതുവസ്ത്രമണിഞ്ഞ് മസ്ജിദുകളില്‍ പോകുന്നതും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും സമ്മാനങ്ങള്‍ നല്‍കുന്നതും പതിവാണ്. പുതുവസ്ത്രങ്ങള്‍ തന്നെയാണ് പെരുന്നാള്‍സമ്മാനമായി കൂടുതലും നല്‍കുന്നത്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ചെറുമക്കള്‍ക്കും പുതുവസ്ത്രം സമ്മാനിക്കുന്നതിനൊപ്പം തങ്ങളുടെ അറിവിലുള്ള നിവൃത്തിയില്ലാത്തവരെ കണ്ടെത്തി അവര്‍ക്കും വസ്ത്രങ്ങള്‍ വാങ്ങി നല്‍കാറുണ്ട്. സാധാരണ ചെറിയ പെരുന്നാളിനാണ് കൂടുതല്‍ പേരും വസ്ത്രങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ചെറിയ പെരുന്നാള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അമര്‍ന്ന് നിശ്ചലമായിരുന്നു. ഈ സാഹചര്യത്തില്‍ ബക്രീദ് കൂടുതല്‍ ആവേശം പകരുന്നുണ്ട്. മുന്‍കാലങ്ങളില്‍നിന്ന്​ വ്യത്യസ്തമായി കോവിഡ് കാല ബക്രീദ് വിപണി അതിന് അനുസൃതമായ ഉല്‍പന്നങ്ങള്‍ക്കും ഇടം നേടുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് പോക്കറ്റ് മുസല്ല. മസ്ജിദില്‍ നമസ്‌കരിക്കാന്‍ പോകുന്നവര്‍ അവര്‍ക്ക് നമസ്‌കരിക്കാന്‍ ഉപയോഗിക്കാനുള്ള മുസല്ല കൂടി കൊണ്ടുപോകണമെന്നാണ് നിലവിലെ സുരക്ഷാ വ്യവസ്ഥ. ഒരാള്‍ നമസ്‌കരിച്ച മുസല്ലയില്‍ മറ്റൊരാള്‍ നമസ്‌കരിക്കുമ്പോള്‍ ഉണ്ടാകാവുന്ന രോഗസാധ്യത പരിഗണിച്ചാണ് ഇത്തരമൊരു നിർദേശം. ആരില്‍നിന്നും രോഗം പകരാം എന്ന അവസ്ഥയില്‍ ഇൗ നിർദേശത്തിന് ഏറെ പ്രസക്തിയുണ്ട്. ഇത്തരത്തില്‍, പള്ളിയില്‍ പോകുന്നവര്‍ക്ക് സൗകര്യപ്രദമായി ചുരുട്ടി മടക്കിക്കൊണ്ടുപോകാൻ സാധിക്കുന്ന ഒന്നാണ് പോക്കറ്റ് മുസല്ല. ഭാരക്കുറവുള്ളതും സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതുമാണ് പോക്കറ്റ് മുസല്ല. പ്രധാന ടെക്‌സ്​റ്റൈല്‍ ഷോറൂമുകളിലെല്ലാം ഇന്ന് ഇത് ലഭ്യമാണ്. ഇതോടൊപ്പംതന്നെ ആല്‍ക്കഹോള്‍രഹിത സാനിറ്റൈസറും വിപണിയില്‍ സുലഭമാണ്. പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ആല്‍ക്കഹോള്‍ സാന്നിധ്യം അനുവദനീയമല്ലാത്തതിനാല്‍ ഇത്തരം സാനിറ്റൈസറിന് ആവശ്യക്കാര്‍ ഏറെയാണ്. മധുരപലഹാരങ്ങളും ബേക്കറി ഐറ്റംസുമാണ് വിപണിയില്‍ കൂടുതല്‍ ആവശ്യകത സൃഷ്​ടിക്കുന്നത്. ഇതിനനുസൃതമായി ഈ മേഖലയും സജീവമാണ്. സാധാരണ ബേക്കറി വിഭവങ്ങള്‍ക്ക് പുറമെ ബദാം, കശുവണ്ടിപ്പരിപ്പ്, ഈത്തപ്പഴം എന്നിവയാണ് ഈ കാലയളവില്‍ ബേക്കറികളിൽ കൂടുതല്‍ വില്‍ക്കപ്പെടുന്നത്. എല്ലാ നിയന്ത്രണങ്ങളും പാലിച്ചുതന്നെയാണ് വ്യാപാരമേഖല പ്രവര്‍ത്തിക്കുന്നത്. കടയില്‍ പ്രവേശിക്കുന്നതിനുമുമ്പ് കൈകഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസ്‌ക് ഇല്ലാത്തവരെ ഒരു സ്ഥാപനത്തിലും പ്രവേശിപ്പിക്കില്ല. പ്രധാന സ്ഥാപനങ്ങളും വ്യാപാരസമുച്ചയങ്ങളും തെര്‍മല്‍ സ്‌കാനറും ഉപയോഗിക്കുന്നുണ്ട്. സന്ദര്‍ശകവിവരങ്ങള്‍ രേഖപ്പെടുത്താന്‍ വിസിറ്റേഴ്‌സ് ഡയറിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. K . N I Z A M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.