കോവിഡ്​ ഡ്യൂട്ടി: കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​ വിശ്രമം​ റോഡിൽ

തിരുവനന്തപുരം: വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളെ വീട്ടിലെത്തിക്കാന്‍ നിയോഗിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിശ്രമം റോഡില്‍. മറ്റ്​ മാർഗങ്ങളില്ലാത്തതിനാൽ വിമാനത്താവളത്തിന് മുന്നിലെ ഡിവൈഡറാണ്​ ഇവരുടെ ആശ്രയം. നെടുമങ്ങാട് ഡിപ്പോയില്‍നിന്ന്​ വിമാനത്താവളത്തിലെത്തിയ ജീവനക്കാർക്കാണ്​ ഇൗ നിസ്സഹായാവസ്ഥ​. ലോക്ഡൗണ്‍ ആയതിനാല്‍ സിറ്റിയിലെ ഡിപ്പോകളെല്ലാം അടച്ചതിനെ തുടർന്നാണ്​ നെടുമങ്ങാട്ട്​ നിന്ന്​ ഇവരെ വിന്യസിച്ചത്​. ബസുകൾ രാവിലെ എത്തിക്കണമെന്നാണ്​ അധികൃതർ ആവശ്യപ്പെടുക. നിർദേശാനുസരണം എത്തുമെങ്കിലും എട്ടും പത്തും മണിക്കൂർ കിടക്കണം. വിമാനത്താവളത്തിലോ പരിസരത്തോ ജീവനക്കാർക്ക്​ വി​​ശ്രമിക്കാനും സൗകര്യമില്ല. അധികവും യാത്ര അടുത്ത ജില്ലകളിലേക്കായിരിക്കും. കോവിഡ്​ മാനദണ്ഡങ്ങളുള്ളതിനാൽ ബസ്​ എങ്ങും നിർത്താനും പാടില്ല. തിരികെ ഡിപ്പോയില്‍ എത്തിച്ച് ബസ്​ അണുനശീകരണം നടത്തണം. ആവശ്യമുള്ളപ്പോള്‍ മാത്രം ബസുകള്‍ വിളിച്ചുവരുത്തുകയോ അല്ലെങ്കില്‍ വിശ്രമസൗകര്യം ഒരുക്കകുയോ ചെയ്യണമെന്നാണ്​ ജീവനക്കാരുടെ ആവശ്യം. അതേസമയം, ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ഡീലക്‌സ് ബസ് എത്തിച്ചിട്ടുണ്ടെന്നാണ്​ കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വിശദീകരണം. പുഷ്ബാക്ക് സീറ്റുള്ള ബസില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.