പ്രവർത്തനരഹിതമായ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സ കേന്ദ്രങ്ങളാക്കും -കലക്ടർ

തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായ സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് കോവിഡ് ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് കലക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. കോവിഡ് പോസിറ്റീവാകുന്ന വ്യക്തികളിലെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ ഒരുക്കണമെന്നും കലക്ടർ നിർദേശിച്ചു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കലക്ടറേറ്റിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കലക്ടർ. സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ മറ്റ് സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്താം. വരുംദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ ബി, സി കാറ്റഗറി ഉൾപ്പെടുന്ന രോഗികളെ പരമാവധി സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അവർക്കുവേണ്ട ചികിത്സ നൽകണം. കാറ്റഗറി എയിൽ ഉൾപ്പെടുന്ന കാൻസർ രോഗികൾ, ഹൃദ്രോഗികൾ എന്നിവർക്ക്​ സർക്കാർ ആശുപത്രികളിൽ ആവശ്യമായ പരിചരണം നൽകും. ഗർഭിണികളായ കോവിഡ് രോഗികൾക്ക് പരിരക്ഷ ഉറപ്പാക്കാൻ പ്രത്യേക കേന്ദ്രം ഒരുക്കുമെന്നും കലക്ടർ പറഞ്ഞു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഷിനു, ഡി.പി.എം ഡോ.പി.വി. അരുൺ, സ്വകാര്യ ആശുപത്രി അസോസിയേഷൻ പ്രതിനിധികൾ, ഐ.എം.എ പ്രതിനിധികൾ തുടങ്ങിയവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.