ജില്ലയിൽ സ്ഥിതി സ്ഫോടനാത്മകം

തിരുവനന്തപുരം: സർക്കാറിൻെറ കർശന നിയന്ത്രണങ്ങൾക്കുപോലും പിടിച്ചുക്കെട്ടാനാകാതെ ജില്ലയിൽ കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ സ്ഫോടാത്മകമായ വർധന. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 222 പേരിൽ 190 പേർക്കും സമ്പർക്കംവഴിയാണ് രോഗം പകർന്നത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേർ വിദേശത്തുനിന്നുവന്നവരാണ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2583 പേരായി. 60 പേർക്ക് ഇന്നലെ രോഗം ഭേഗമായി. ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പൊഴിയൂരാണ്-21, പുതിയതുറ -14, ബീമാപള്ളി -11, കോട്ടപ്പുറം-13 , കടയ്​ക്കാവൂർ, വള്ളക്കടവ്- ആറ്, പൂന്തുറ- അഞ്ച്, അഞ്ചുതെങ്ങ്-ഏഴ്, പുല്ലുവിള-ഏഴ്, വെങ്ങാനൂർ-ഏഴ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി. പേഴ്സനൽ സ്​റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐ.ബി. സതീഷ് എം.എൽ.എ നിരീക്ഷണത്തിലാണ്. തുമ്പ വലിയവേളിയിൽ രണ്ട് റേഷൻ വ്യാപാരി ഉൾപ്പെടെ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 50 പേർക്ക് നടത്തിയ ആൻറിജൻ പരിശോധ‍യിലാണ് എട്ടുപേരുടെ ഫലം പോസിറ്റിവായത്. 10 ഡോക്ടർമാരടക്കം 30 ഓളം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നോൺ കോവിഡ് വാർഡിൽ കിടന്ന 26 രോഗികൾക്കും ഇവരുടെ കൂട്ടിരിപ്പുകാർക്കും കോവിഡ് ബാധിച്ചതായാണ് വിവരം. ഇന്നലെ ഒരു ഡോക്ടർക്കും രണ്ട് മെഡിക്കൽ വിദ്യാർഥികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 50 ഓളം ഡോക്ടർമാരടക്കം 150 ജീവനക്കാർ നിരീക്ഷണത്തിലാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളെല്ലാം നീട്ടിയിട്ടുണ്ട്. നഗരത്തിൽ ഒരു പൊലീസുകാരനും കൂടി രോഗബാധ സ്ഥിരീകരിച്ചു. സ്പെഷൽ ബ്രാഞ്ച് ആസ്ഥാനത്തെ ‍ഡ്രൈവർക്കാണ് പോസിറ്റിവായത്. ഇന്നലെ രോഗലക്ഷണങ്ങളുമായി 252 പേരെക്കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 1121പേർ രോഗനിരീക്ഷണത്തിലായി. 16,602 പേർ വീടുകളിലും 1279 പേർ സ്ഥാപനങ്ങളിലും ആശുപത്രികളിൽ 2571 പേർ കരുതൽ നിരീക്ഷണത്തിലുമുണ്ട്. *ചാല മാർക്കറ്റ് മൂന്നു ദിവസത്തേക്ക് അടച്ചു കോവിഡ് സമ്പർക്കരോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിനെ തുടർന്ന് ചാല മാർക്കറ്റ് മൂന്നു ദിവസത്തേക്ക് അടച്ചിടാൻ വ്യാപാരികളും ട്രേഡ് യൂനിയനുകളും തീരുമാനിച്ചു. അണുനശീകരണത്തിനും കോവിഡ് പരിശോധനക്കും ശേഷം തിങ്കളാഴ്​ച മുതൽ മാർക്കറ്റ് പ്രവർത്തിച്ചുതുടങ്ങും. മാർക്കറ്റ് കേന്ദ്രീകരിച്ച് ഇതുവരെ 20ഓളം പേർക്ക്​ സമ്പർക്കം വഴി രോഗബാധയുണ്ടായതായാണ് സ്ഥിരീകരണം. ചാല മാർക്കറ്റിലെ ചുമട്ടുെതാഴിലാളികൾക്കും വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടും അത് കൃത്യമായി ജില്ല ഭരണകൂടത്തെയും നഗരസഭയെയും അറിയിക്കാത്തതിൽ ജനപ്രതിനിധികൾക്കിടയിൽ തന്നെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.പി.പി. പ്രീതയെ ചുമതലയിൽനിന്ന് മാറ്റി പകരം തൈക്കാട് ട്രെയിനിങ് സൻെറർ പ്രിൻസിപ്പലായിരുന്ന ഡോ. കെ. ഷിനുവിനെ നിയമിച്ചു. പ്രീതയെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഫാമിൽ പ്ലാനിങ് വിഭാഗത്തിൻെറ ചുമതലയുള്ള അഡീഷനൽ ഡയറക്ടറാക്കിയാണ് നിയമിച്ചിരിക്കുന്നത്. ഡി.എം.ഒയായി ഡോ. കെ. ഷിനും വ്യാഴാഴ്ച ചുമതലയേറ്റു. *ലോക്ഡൗൺ ലംഘനം 177 പേർ അറസ്​റ്റിൽ ലോക്ഡൗൺ വിലക്ക് ലംഘനം നടത്തിയതിന് തിരുവനന്തപുരം റൂറലിൽ 183 കേസുകളിലായി 177 പേരെ അറസ്​റ്റ്​ ചെയ്തു. സിറ്റിയിൽ 71 പേർക്കെതിരെ കേസെടുത്തു. മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്തതിന് ജില്ലയിൽ 39 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 422പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. നഗരത്തില്‍ ഹോം ക്വാറൻറീന്‍ ലംഘിച്ച ഒരാൾക്കെതിരെ കേസെടുത്തു. വിഴിഞ്ഞം നെട്ടത്താന്നി സ്വദേശിയായ 21 വയസ്സുകാരനെതിരെയാണ് എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവും ഐ.പി.സി വകുപ്പുകൾ പ്രകാരവും വിഴിഞ്ഞം പൊലീസ് കേസെടുത്തത്. കുടുംബത്തിലെ രണ്ടുപേർ കോവിഡ് ബാധിതരായി ചികിത്സയിലായതിനെ തുടർന്ന് ഇയാൾ ഹോം ക്വാറൻറീനിലായിരുന്നു. ക്വാറൻറീനില്‍ കഴിയുന്നതുവരെ അവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടോ എന്നുള്ള പൊലീസ് പരിശോധനയിൽ ഇയാൾ വീട്ടിലില്ലായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.