നാടിെൻറ ചങ്കായിരുന്നു അനുജിത്ത്

നാടിൻെറ ചങ്കായിരുന്നു അനുജിത്ത് കൊല്ലം: നേരത്തെ തന്നെ അവയവദാന സമ്മതപത്രം നൽകി മരണത്തിലും മാതൃകകാട്ടിയ അനുജിത്ത് (27) നാടിൻെറ ചങ്കായിരുന്നു. കൈകൾ വരെ ദാനംചെയ്ത അപൂർവത നാടിൻെറ ഹൃദയം തകർക്കുന്നു. ലോക്ഡൗൺ കാലത്ത് കൊട്ടാരക്കര അഗ്​നിരക്ഷാ സേനയോടൊപ്പം സിവിൽ ഡിഫൻസ് അംഗമായി സജീവമായിരുന്നു അനുജിത്ത്. ജൂലൈ 14 രാത്രി കലയപുരത്തുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ‍യാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ അനുജിത് ജോലികഴിഞ്ഞ് കുളക്കടയിലെ വീട്ടിലേക്ക് മടങ്ങിപ്പോകുംവഴി ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. മസ്‌തിഷ്‌കമരണം സംഭവിച്ചതോടെ ഹൃദയം, വൃക്കകൾ‍, രണ്ട് കണ്ണുകൾ‍, ചെറുകുടൽ‍, കൈകൾ‍ എന്നിവ ദാനംചെയ്‌തു. പഠനകാലത്ത് നിരവധിപേരുടെ ജീവൻ രക്ഷിച്ച ദൗത്യത്തിലും അനുജിത്ത് പങ്കാളിയായത് സുഹൃത്തുക്കളും നാട്ടുകാരും ഇപ്പോൾ ഒാർക്കുന്നു. 2010 സെപ്‌റ്റംബർ‍ ഒന്നിന് റെയിൽവേ പാളത്തിലെ‍ വിള്ളൽ കണ്ട് ചുവന്ന സഞ്ചി വീശി‍ അപകടം ഒഴിവാക്കിയ വിദ്യാർഥികളിൽ അനുജിത്തുമുണ്ടായിരുന്നു. ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ വിദ്യാർഥിയായിരിക്കെയാണ് പാളത്തിൽ‍ വിള്ളൽ‍ കണ്ടതിനെ തുടർന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശി ട്രെയിൻ നിർത്തിച്ചത്. അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രി വൻെറിലേറ്ററിൽ മരണത്തോട് മല്ലടിക്കുമ്പോൾ അനുജിത്തിൻെറ ജീവനുവേണ്ടിയുള്ള പ്രാർഥനയിലായിരുന്നു നാട്. കൂട്ടുകാർ ആശുപത്രിയിൽ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. കൊട്ടാരക്കര അഗ്​നിരക്ഷാ നിലയത്തിൻെറ അനുശോചനക്കുറിപ്പ് വായനക്കാരുടെ ഹൃദയത്തിലേക്കാണെത്തുന്നത്. 'അനുജിത് നീയാണ് ദൈവം... കൈകൾവരെ ദാനം ചെയ്യാൻ മനസ്സുകാണിച്ച കുടുംബാംഗങ്ങളോടും കടപ്പെട്ടിരിക്കുന്നു. നിൻെറ ചെറുപുഞ്ചിരി ഞങ്ങളുടെ മനസ്സിൽനിന്നും മായില്ല. അഭിമാനത്തോടെ അതിലധികം ഹൃദയവേദനയോടെ ഒരായിരം അശ്രുപുഷ്പങ്ങൾ' -കുറിപ്പ് ഇങ്ങനെയാണ്​ അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.