അപവാദ പ്രചാരണം ഗൂഢലക്ഷ്യത്തോടെയെന്ന്​ മെഡിക്കൽ കോളജ് അധികൃതർ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾ ഗൂഢലക്ഷ്യത്തോടെയെന്ന് ആശുപത്രി സൂപ്രണ്ട്. കോവിഡ് രോഗവ്യാപനം അമർച്ചചെയ്യാൻ ആരോഗ്യ പ്രവർത്തകർ നടത്തുന്ന വിശ്രമരഹിതമായ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ നടത്തുന്ന അപവാദ പ്രചാരണത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുംവിധം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിസന്ധി എന്നവ്യാജ പ്രചാരണങ്ങൾക്ക് മറുപടിയായി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ മറ്റേത് ആരോഗ്യ പ്രവർത്തകരെയും പോലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും ക്വാറൻറീനിൽ പോകേണ്ടിവരും. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച വാർഡിലെ രണ്ട് രോഗികളുടെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. ചികിത്സ കാലയളവിൽ കുറച്ചുദിവസങ്ങൾക്കുശേഷമാണ് ഇവരുടെ ഫലം പോസിറ്റീവായത്. അതുകൊണ്ടുതന്നെ അത്രയുംദിവസം ഈ രോഗികളെ പരിചരിച്ച ഡോക്ടർമാരും മറ്റും സ്വാഭാവികമായും ക്വാറൻറീനിൽ പോയിട്ടുണ്ട്. എന്നാൽ രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ പകരം സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആശുപത്രി പരിസരങ്ങളിലും ഹോട്സ്പോട്ടുകളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രിക്കുള്ളിലും അതി​ൻെറ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. ആശുപത്രിയിലെത്തുന്ന രോഗികൾക്ക്​ വേണ്ടി പ്രത്യേക ഒ.പി സംവിധാനം ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. അവിടെ നടക്കുന്ന ആദ്യ പരിശോധന നെഗറ്റീവാണെങ്കിലും തുടർന്നുള്ള ഫലങ്ങൾ മാറിവരാറുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കാതിരിക്കാനുള്ള സുരക്ഷ സംവിധാനങ്ങളും നൽകിയിട്ടുണ്ട്. ആശുപത്രിയിൽ രോഗവ്യാപനം ചെറുക്കുന്നതി​ൻെറ ഭാഗമായി ഒ.പിയിലെ തിരക്ക് കുറയ്ക്കാനും അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കാനും സന്ദർശകരെ പൂർണമായി ഒഴിവാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളിൽ ഭീതി പടർത്തരുതെന്ന്​ സൂപ്രണ്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.