സൗരോർജ വേലി നോക്കുകുത്തി: കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു

(ചിത്രം) കുളത്തൂപ്പുഴ: ലക്ഷങ്ങള്‍ മുടക്കി നിർമിച്ച സൗരോര്‍ജ വേലി നോക്കുകുത്തിയായി. കാട്ടാനക്കൂട്ടം സൗരോര്‍ജ വേലി മറികടന്ന് ജനവാസ മേഖലയിലെ കൃഷിയിടം നശിപ്പിക്കുന്നത് പതിവാകുന്നു. കല്ലുവെട്ടാംകുഴി തേക്കുംപറമ്പ് കവലക്ക് സമീപത്തെ കൃഷിയാണ്​ കാട്ടാനക്കൂട്ടം നശിപ്പിച്ചത്​. തുടര്‍ച്ചയായി നാലുദിവസമാണ് ആന തെങ്ങും കവുങ്ങും മറ്റ്​ കൃഷികളും നശിപ്പിച്ചതെന്ന്​ നാട്ടുകാര്‍ പറഞ്ഞു. ​ കുളത്തൂപ്പുഴ വനം റേഞ്ചില്‍ ഉള്‍പ്പെട്ട മൈലമൂട് സെക്ഷന്‍ വനമേഖലയില്‍ ജനവാസമേഖലക്ക് ചുറ്റുമായി ലക്ഷങ്ങള്‍ മുടക്കിയാണ് വനംവകുപ്പ് സൗരോർജ വേലികള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇവയില്‍ സ്ഥാപിച്ചിട്ടുള്ള പാനലുകളുടെയും ബാറ്ററികളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനോ വേലിയില്‍ പടര്‍ന്ന കാട്ടുവള്ളികളും കമ്പുകളും നീക്കുന്നതിനോ ഒരു നടപടിയുമില്ല. ഇതിനിടെ മലയോര ഹൈവേ നിര്‍മാണത്തിൻെറ ഭാഗമായി ഇവ പൊളിച്ചുമാറ്റിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ റേഞ്ച് ഓഫിസര്‍ ഇടപെട്ട് കരാറുകാരെ കൊണ്ട് വീണ്ടും വേലി പുനഃസ്ഥാപിച്ചു. എന്നാല്‍ പഴയ പാനലും ബാറ്ററിയും തന്നെ ആയതിനാല്‍ ഇവയിലൂടെ വൈദ്യുതി കടന്നുവരുന്നില്ല. ഇത്​ മറികടന്നാണ് കഴിഞ്ഞദിവസങ്ങളില്‍ രാത്രി കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലെത്തിയത്. കല്ലുംവെട്ടാംകുഴി സ്വദേശി ഹനീഫയുടെ കൃഷിയിടത്തില്‍ കടന്ന് തെങ്ങുകളും വാഴയും കവുങ്ങുകളും നശിപ്പിച്ചു. സമീപവാസികളുടെ പച്ചക്കറി കൃഷിയും നാമാവശേഷമാക്കിയശേഷം പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.