ഷബ്നയെ കാണാതായിട്ട് രണ്ടുവർഷം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

(ചിത്രം) കൊല്ലം: നീരാവിൽ ആണിക്കുളത്തുചിറ സ്വദേശി ഷബ്നയെ (18) കാണാതായിട്ട് ജൂലൈ 18ന് രണ്ടുവർഷം. ലോക്കൽ പൊലീസ് മുതൽ ക്രൈംബ്രാഞ്ച് വരെ അന്വേഷി​െച്ചങ്കിലും ഷബ്നക്ക്​ എന്തുസംഭവിച്ചുവെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇതിനെതുടർന്ന് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകി. കോടതി ഹരജി ഫയലിൽ സ്വീകരിക്കുകയും പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശം നൽകുകയും ചെയ്​തു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 2018 ജൂലൈ 17നാണ്​ കടവൂരിലെ പി.എസ്.സി പരിശീലനകേന്ദ്രത്തിലേക്ക് പോയ ഷബ്നയെ കാണാതാകുന്നത്. ആ ദിവസം ബീച്ചിന് സമീപം ഷബ്ന നടന്നുപോകുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ബാഗും ചെരിപ്പും കണ്ടെത്തുകയും ചെയ്തിരുന്നു. ഷബ്നയുടെ ഒരു ബന്ധുവിനെയാണ്​ ഷബ്ന അവസാനമായി ഫോൺ വിളിച്ചത്. ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്.പി ജോൺസ​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് കേസ്​ അന്വേഷിക്കുന്നത്. കോവിഡിന് കാലത്ത്​ അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും കുടുംബം 'മാധ്യമ'ത്തോട് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഇനി പരാതിനൽകാൻ ഒരു സർക്കാർ ഏജൻസിയും ബാക്കിയില്ലെന്ന്​ ആക്​ഷൻ കൗൺസിൽ കൺവീനർ രാജേഷ് തൃക്കാട്ടിൽ പറഞ്ഞു. നേരത്തേ, ഷബ്നയുടെ പിതാവ് ഇബ്രാഹിംകുട്ടി നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിനിടെ ഷബ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് കുടുംബം 50,000 രൂപയും പൊലീസ് രണ്ടുലക്ഷം രൂപയും പ്രഖ്യാപിച്ച് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തു. കാണാതായി മൂന്നാം ദിവസം പള്ളിക്കലും അഞ്ച് മാസത്തിനുശേഷം കോഴിക്കോട് മണ്ണാശ്ശേരിയിൽ​െവച്ചും ഇവരെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഫോട്ടോ കണ്ടയാൾ അത്​ ഷബ്നയെയാണെന്ന്​ സ്ഥിരീകരിക്കുകയും ചെയ്​തിരുന്നു. മാതാപിതാക്കളും ആക്​ഷൻ കൗൺസിലും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെതുടർന്നാണ്​ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്​. അവസാനം ഫോൺ ചെയ്​ത ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ഇയാളെ നുണപരിശോധനക്ക്​ വിധേയനാക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ഷബ്നയുടെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് സജീവമാണെന്നും ഇത് തമിഴ്നാട്ടിൽനിന്നാണെന്ന് കണ്ടെത്തിയതായും പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. ഇൗ സാഹചര്യത്തിൽ, സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചിരുന്നെങ്കിൽ കേസിലെ ദുരൂഹത മാറുമായിരുന്നെന്ന്​ ആക്​ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. സി.ബി.ഐ അന്വേഷണത്തിലൂടെ മകളെ കണ്ടെത്താനാകുമെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. ഷബ്ന: പാരിതോഷികം മൂന്നുലക്ഷമാക്കി (ചിത്രം) കൊല്ലം: ഷബ്ന തിരോധാനത്തിന് രണ്ടുവർഷം തികയുമ്പോൾ ക​െണ്ടത്തി നൽകുന്നവർക്കുള്ള പാരിതോഷികം വർധിപ്പിച്ച് ആക്​ഷൻ കൗൺസിൽ. പാരിതോഷികം പ്രഖ്യാപിച്ചിട്ടും വേണ്ടത്ര ഫലം കിട്ടാത്തതിനാലാണ് പാരിതോഷികം കൂട്ടിയത്. 50,000 രൂപയാണ് ആക്​ഷൻ കൗൺസിൽ വർധിപ്പിച്ചത്. ഇതോടെ ഷബ്നയെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷിക തുക മൂന്നുലക്ഷമായി ഉയർന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ആക്​ഷൻ കൗൺസിൽ കൺവീനർ രാജേഷ് തുക്കാട്ടിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.