കുരീപ്പുഴ പ്ലാൻറ്; തടയാൻ ശ്രമിച്ചാൽ രാഷ്​ട്രീയമായി നേരിടുമെന്ന്​ മേയർ

കൊല്ലം: കുരീപ്പുഴയിൽ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനെ തടയാൻ ശ്രമിച്ചാൽ രാഷ​്്​ട്രീയമായി നേരിടുമെന്ന് മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു. കോർപറേഷൻ കൗൺസിൽ യോഗത്തിൽ മറുപടി പറയുകയായിരുന്നു അവർ. പരിസര മലിനീകരണം തീരെയില്ലാത്തവിധം തികച്ചും അത്യാധുനിക സജ്ജീകരണത്തോടെയാണ് പ്ലാൻറ് പ്രവർത്തനം തുടങ്ങുക. കോർപറേഷൻ അറവുശാലയിലെ പ്ലാൻറി​ൻെറ തകരാർ രണ്ടാഴ്ചക്കുള്ളിൽ പരിഹരിച്ചില്ലെങ്കിൽ കരാർ സ്ഥാപനത്തെ കരിമ്പട്ടികയിൽപെടുത്താൻ നടപടി എടുക്കും. പ്ലാൻറ് ഉദ്ഘാടനം നടന്നതിൻെറ അടുത്തദിവസം മുതൽ തകരാറിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. കോർപറേഷൻ പരിധിയിൽ ക്വാറൻറീൻ സൗകര്യമില്ലാത്തവർക്ക് സൗജന്യ ക്വാറൻറീൻ സൗകര്യം ഒരുക്കുന്നതിനുള്ള ഭാഗമായി 80 മുറിയുള്ള മാടൻനട എം.ടി.എം ആശുപത്രി ഏറ്റെടുത്തു. ലൈഫ് മിഷൻ പദ്ധതിയിലേക്ക് വീണ്ടും അപേക്ഷിക്കുന്നതിന്​ അവസരം നൽകുമെന്ന് ഉറപ്പുലഭിച്ചതായും മേയർ പറഞ്ഞു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയെക്കുറിച്ച് ഭരണകക്ഷി അംഗം പ്രേം ഉഷാറിൻെറ പരാമർശത്തിന്​ മേയർ താക്കീത് നൽകി. മേയറും ഡെപ്യൂട്ടി മേയറും ചേർന്ന് അധ്യക്ഷക്ക് അനസ്തേഷ്യ നൽകി തെരുവുവിളക്ക് പരിപാലനം ഏറ്റെടുത്തത് നന്നായെന്നായിരുന്നു പരാമർശം. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, സ്ഥിരംസമിതി അധ്യക്ഷരായ എം.എ. സത്താർ, ചിന്ത എൽ. സജിത്, ഗിരിജ സുന്ദരൻ, അംഗങ്ങളായ എം.എസ്. ഗോപകുമാർ, അനിൽകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.