ഒടുവിൽ തീരുമാനമായി; താലൂക്കാശുപത്രിക്കായി പഞ്ചായത്ത് സ്ഥലം വാങ്ങും

പത്തനാപുരം: താലൂക്കാശുപത്രിക്കാവശ്യമായ സ്ഥലം വാങ്ങിനല്‍കാന്‍ പത്തനാപുരം പഞ്ചായത്ത് ഭരണസമിതിയില്‍ തീരുമാനമായി. സ്ഥലം വാങ്ങിനല്‍കാനായി ഒരു കോടി രൂപ വകയിരുത്തി. ആശുപത്രി പിടവൂരിലെ ബ്ലോക്ക് പഞ്ചായത്തിൻെറ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ എം.എല്‍.എ മുന്‍കൈയെടുത്ത് റിപ്പോര്‍ട്ട് തയാറായ സാഹചര്യത്തിലാണ് പുതിയ നിർദേശവുമായി പഞ്ചായത്ത് രംഗത്തെത്തിയത്. 2020 -21 കാലയളവില്‍ വിവിധ വാര്‍ഡുകളില്‍ നടപ്പാക്കുന്ന പല പദ്ധതികളും വെട്ടിച്ചുരുക്കിയാണ് ഒരു കോടി രൂപ സമാഹരിക്കുന്നത്. സ്ഥലം വിട്ടുനല്‍കാന്‍ നിരവധിയാളുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ആരുടെ സ്ഥലം ഏറ്റെടുക്കണമെന്നുള്ളതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ ബജറ്റില്‍ തുകയെ സംബന്ധിച്ച് പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും കോവിഡ് പാശ്ചാത്തലത്തില്‍ വേണ്ടെന്നുെവച്ചിരുന്നു. നിരവധി നാളുകളായി പത്തനാപുരം താലൂക്ക്‌ ആശുപത്രി വിഷയം ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കീറാമുട്ടിയായി ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇടതുമുന്നണിയും കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയും തമ്മിലുള്ള അഭിപ്രായഭിന്നതയും രൂക്ഷമായിരുന്നു. എന്ത് സാഹചര്യമുണ്ടെങ്കിലും ആശുപത്രി പിടവൂരില്‍ മതിയെന്ന എം.എല്‍.എയുടെ നിലപാടിനോട് യോജിക്കാന്‍ സി.പി.എം തയാറായിരുന്നില്ല. സര്‍ക്കാര്‍ താലൂക്ക്‌ ആശുപത്രിക്കുവേണ്ടി അനുവദിച്ചിരിക്കുന്ന തുക നിർമാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാത്രമാണ്‌. ഇത് ഉപയോഗിച്ച് സ്ഥലം വാങ്ങല്‍ നടക്കില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പഞ്ചായത്ത് തീരുമാനം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തി​ൻെറ വിഹിതം കൂടി സ്ഥലം വാങ്ങാന്‍ പ്രയോജനപ്പെടുത്താനും തീരുമാനമുള്ളതായും സൂചനയുണ്ട്. അധികമായി തുക വേണ്ടിവന്നാല്‍ താലൂക്കിലെ മറ്റ് പഞ്ചായത്തുകളുടെ സഹായം സ്വീകരിക്കാനുള്ള സാധ്യതകളും തേടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.