ഗൃഹനിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയവരെ നിരീക്ഷണസമിതി പിടികൂടി

കുളത്തൂപ്പുഴ: വിദേശത്തുനിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവര്‍ മാനദണ്ഡം ലംഘിച്ച് പുറത്തിറങ്ങിയതായി ക​െണ്ടത്തിയതിനെതുടര്‍ന്ന് പഞ്ചായത്തുതല നിരീക്ഷണസമിതി ഇടപെട്ട് ശാസിക്കുകയും ക്വാറൻറീന്‍ കാലാവധി കഴിയുന്നതുവരെ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിർദേശവും നല്‍കി. കുളത്തൂപ്പുഴ ഡാലിയിലുള്ള കുടുംബമാണ് വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കാലാവധി കഴിയും മുമ്പേ പുറത്തിറങ്ങി സമീപപ്രദേശങ്ങളില്‍ പോകുകയും പൊതുജനങ്ങളുമായി അടുത്തിടപഴകുകയും ചെയ്തത്. കഴിഞ്ഞദിവസം സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ പഞ്ചായത്തുതല നിരീക്ഷണസമിതിയെ അറിയിക്കുകയായിരുന്നു. കുളത്തൂപ്പുഴ പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ റവന്യൂ വിഭാഗവും കുളത്തൂപ്പുഴ പൊലീസും ആരോഗ്യവകുപ്പും നേരിട്ടെത്തിയാണ് ഇവരെ ശാസിച്ച് കര്‍ശന നിർദേശം നല്‍കി വീട്ടിലിരുത്തിയത്. ദിവസങ്ങള്‍ക്കുമുമ്പ് വിദേശത്തുനിന്നെത്തിയ കുടുംബനാഥന്‍ കുളത്തൂപ്പുഴ മാര്‍ക്കറ്റിലും വിവിധ വ്യാപാരസ്ഥാപനങ്ങളിലും എത്തിയിരുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ഇവരുടെ മകള്‍ കഴിഞ്ഞദിവസം വിദേശത്തുനിന്ന് എത്തിയത്. വീട്ടിനുള്ളില്‍ കഴിയുന്ന ഇവര്‍ റൂം ക്വാറൻറീന്‍ പാലിക്കാതെ ഇവരുടെ കുട്ടിയുമായി അടുത്തിടപഴകിയതായും മകള്‍ എത്തിയശേഷവും കുടുംബനാഥന്‍ പുറത്തുപോയി പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേ​ർപെട്ടതായുമാണ് നിരീക്ഷണസമിതിയുടെ വിലയിരുത്തല്‍. അധികൃതരെത്തിയപ്പോള്‍ മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വീട്ടിലുള്ളവരും വിദേശത്തുനിന്നെത്തിയവരും അടുത്തിടപഴകിയതായി കണ്ടെത്തിയതോടെയാണ് കര്‍ശന നിർദേശം നല്‍കിയത്. ഇതിന് തയാറായി​െല്ലങ്കില്‍ നിരീക്ഷണകേന്ദ്രത്തിലേക്ക്​ മാറ്റിപ്പാര്‍പ്പിക്കാനാണ് സമിതിയുടെ അടുത്തനീക്കം. അവശ്യസാധനങ്ങൾ പഞ്ചായത്ത് ഹെല്‍പ് ഡെസ്ക്കി​ൻെറ നേതൃത്വത്തില്‍ വീട്ടിലെത്തിച്ച് നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രമേശ് അറിയിച്ചു. വില്ലേജ് ഓഫിസര്‍ ജയദേവന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ്, ഗിരീഷ്, സി.പി.ഒ ബിനുവർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.