വിഴിഞ്ഞത്ത്​ രോഗികൾ കൂടുന്നു, ആശങ്ക

വിഴിഞ്ഞം: തീരവാസികളിൽ ആശങ്കയേറ്റി കോവിഡ്​ രോഗികളുടെ എണ്ണം കൂടുന്നു. വിഴിഞ്ഞം, പുല്ലുവിള തീരദേശത്ത് രണ്ടര വയസ്സുള്ള കുട്ടി ഉൾപ്പെടെ പതിനഞ്ച് പേർക്ക്​ വെള്ളിയാഴ്​ച രോഗം സ്​ഥിരീകരിച്ചു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ഉന്നതാധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഴിഞ്ഞത്ത് വെള്ളിയാഴ്​ച അമ്പത് പേരെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയതിൽ ഒരുവീട്ടിലെ നാല് കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേരുടെ ഫലമാണ് പോസിറ്റീവായത്. വ്യാഴാഴ്ച ഫലം പോസിറ്റീവായ മണലി സ്വദേശിയുടെ ഏഴ്, എട്ട്, പന്ത്രണ്ട്, പതിനാല് വയസ്സുള്ള കുട്ടികൾക്കും ഭാര്യക്കും 45കാരിയായ ബന്ധുവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ എട്ട് വയസ്സുള്ള കുട്ടിക്ക് കിഡ്നി രോഗമുള്ളതിനാൽ അതീവ ജാഗ്രത വേണമെന്ന്​ അധികൃതർ അറിയിച്ചു. വിഴിഞ്ഞം സ്വദേശിയായ 65കാരനും തുലവിള സ്വദേശികളായ പതിനൊന്നുകാരനും 56കാരനും കടയ്കുളം സ്വദേശിയായ 72കാരനും കോട്ടപ്പുറം സ്വദേശിയായ 43കാരിക്കുമാണ് വിഴിഞ്ഞത്ത് രോഗം സ്ഥിരീകരിച്ചത്. ആകെ പരിശോധിച്ച തൊണ്ണൂറ് പേരിൽ പതിനഞ്ച് പേർക്കും ഫലം പോസിറ്റീവാണ്​. പുല്ലുവിളയിൽ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായ മത്സ്യത്തൊഴിലാളിയുടെ രണ്ടരയും നാലും ഒമ്പതും വയസ്സുള്ള മക്കൾക്കും മാതാവായ 65കാരിക്കും രോഗം സ്ഥിരീകരിച്ചു. എന്നാൽ ഇയാളുടെ ഭാര്യയുടെ പരിശോധനഫലം നെഗറ്റീവായത് നേരിയ ആശ്വാസം പകർന്നു. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് വന്നയാളാണ് പുല്ലുവിള സ്വദേശി. ഇവിടെ സമ്പർക്കപട്ടികയിലുള്ള പതിനാല് പേരുടെ ഫലമാണ് ലഭിച്ചതെന്നും നിരവധിപേരുടെ ഫലം കാത്തിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.