സര്‍ക്കാര്‍ പരിപാടികൾക്കെത്തിയ വിദേശ പ്രതിനിധികള്‍ വഴി സ്വര്‍ണം കടത്തിയോ എന്നും പരിശോധന

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കാനായി വിമാനത്താവളങ്ങളിലെ ഗ്രീന്‍ ചാനലിലൂടെ എത്തിയ വിദേശ പ്രതിനിധികള്‍ വഴി സ്വപ്‌ന സുരേഷും സംഘവും സ്വര്‍ണം കടത്തിയോ എന്ന കാര്യവും കസ്​റ്റംസ് പരിശോധിക്കുന്നു. ഹാഷ് ഫ്യൂച്ചര്‍, കൊച്ചി ഡിസൈന്‍ വീക്ക് എന്നീ പരിപാടികള്‍ക്കെത്തിയ വിദേശ പ്രതിനിധികളുടെ വിവരങ്ങളാണ് തേടുന്നത്. പരിശോധന ഒഴിവാക്കി ഗ്രീന്‍ചാനല്‍ വഴിയെത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2018ലും 19ലുമായി നടന്ന ഈ രണ്ട്​ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു സ്വപ്‌ന സുരേഷും അറസ്​റ്റിലായ സരിത്തും. ഇവരും പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്ന് എത്തിയവരും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്നാണ്​ കസ്​റ്റംസ് പരിശോധിക്കുന്നത്. ഗ്രീന്‍ ചാനല്‍ വഴി ആളുകളെ കൊണ്ടുവന്നപ്പോള്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. 2018 മാര്‍ച്ച് 12, 13 തീയതികളിലായിരുന്നു കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഹാഷ് ഫ്യൂച്ചര്‍ എന്ന ഗ്ലോബല്‍ ഡിജിറ്റല്‍ കോണ്‍ക്ലേവ് നടന്നത്. അന്ന്​ സ്വപ്‌ന യു.എ.ഇ കോണ്‍സുലേറ്റ് ജീവനക്കാരി ആയിരുന്നു. 2019 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്കില്‍ ഐ.ടി വകുപ്പി​ൻെറ ഭാഗമായാണ് സ്വപ്‌ന എത്തിയതെന്നാണ് വിവരം. ഇതില്‍ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികളെ കൊച്ചി വിമാനത്താവളത്തില്‍നിന്ന്​ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നതി​ൻെറ ചുമതല സ്വപ്‌നക്കും സരിത്തിനുമായിരുന്നുവത്രേ. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.