വിദ്വേഷപ്രസംഗം: പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കുന്നതിൽ നാളെ തീരുമാനം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വാദം പൂർത്തിയായി. ഹരജിയിൽ കോടതി ബുധനാഴ്ച വിധി പറയും. പി.സി. ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച സീഡി കോടതിയിൽ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. ഏത്​ സീഡിയാണ്​ പരിശോധിക്കേണ്ടതെന്നും അതിന്‍റെ സാധുത സംബന്ധിച്ചുമായിരുന്നു ആശയക്കുഴപ്പം. പൊലീസ് സമർപ്പിച്ച പി.സി. ജോർജിന്‍റെ വിദ്വേഷ പ്രസംഗം അടങ്ങിയ സീഡി കോടതിയിൽ തൊണ്ടിസാധനമായാണ്​ ഹാജരാക്കിയിരുന്നത്. മുദ്രവെച്ച കവറിൽ സീഡി ഹാജരാക്കിയതും പ്രശ്നം സൃഷ്ടിച്ചു. ഇങ്ങനെ മുദ്രവെച്ച കവറിൽ ഹാജരാക്കുന്ന വസ്തുക്കൾ സാധാരണ വിചാരണ ഘട്ടത്തിലാണ് കോടതി തെളിവായി സ്വീകരിക്കുക. അതിനാൽ മുദ്രവെച്ച കവറിൽ സീഡി ഹാജരാക്കിയതും ആശയക്കുഴപ്പമുണ്ടാക്കി. ഇവിടെ വിചാരണ ഘട്ടമല്ലലോ എന്ന് കോടതി ആരാഞ്ഞു. പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ കോടതിയെ കാണിച്ച്​ മനസ്സിലാക്കാൻ മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്ന് സർക്കാർ അഭിഭാഷക മറുപടി നൽകി. അന്വേഷണസംഘം സമർപ്പിച്ച നാല്​ സീഡികളിൽ ക്രൈം ഓൺലൈനിൽ വന്ന ദൃശ്യങ്ങളാണ് കോടതിയിൽ തിങ്കളാഴ്ച പ്രദർശിപ്പിച്ചത്. പി.സി. ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് കോടതിൽ പ്രദർശിപ്പിച്ചത്. 37 മിനിറ്റ്​ ദൈർഘ്യമുള്ള പ്രസംഗമാണ് കോടതി നിരീക്ഷിച്ചത്. സീഡി പ്രദർശിപ്പിക്കാൻ അന്വേഷണസംഘം തെരഞ്ഞെടുത്ത ഓൺലൈൻ ചാനലിന്‍റെ വിശ്വാസ്യതയെ പ്രതിഭാഗം എതിർത്തു. എന്നാൽ, ജോർജ്​ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന നിലപാടിൽ പ്രോസിക്യൂഷൻ ഉറച്ചുനിന്നു. തിരുവനന്തപുരത്തെ വിവാദ പ്രസംഗത്തിന്​ ജാമ്യം ലഭിച്ചശേഷം ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ടുള്ള പ്രസംഗം ജോർജ്​ ആവർത്തിച്ചെന്ന്​ തെളിയിക്കുന്നതിനാണ്​ പൊലീസ്​ ഈ സീഡി ഹാജരാക്കിയത്​. അതിന്‍റെ അടിസ്ഥാനത്തിൽ ഇരുവാദങ്ങളും പൂർത്തിയാകുകയും ചെയ്തു. അതിനുശേഷമാണ്​ ജോർജിന്‍റെ ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേസ്​ ബുധനാഴ്​ചത്തേക്ക്​ മാറ്റിയത്​. തിരുവനന്തപുരത്ത്​ അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പ​ങ്കെടുത്ത പി.സി. ജോർജ്​ മതവിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയെന്നാണ്​ കേസിനാധാരം. ഈ കേസിൽ ജോർജിന്​ നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ്​ സർക്കാറിന്‍റെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.