സർക്കാർ ഏറ്റെടുത്ത വലിയപറമ്പ് എൽ.പി സ്കൂൾ

സർക്കാറിന് വിട്ടുകൊടുത്ത സ്കൂൾ പെരുവഴിയിലാവുന്നു

മാള: സർക്കാറിലേക്ക് വിട്ടുകൊടുത്ത സ്കൂൾ പെരുവഴിയിലാവുന്നു. വലിയപറമ്പ് ആർ.വി.എൽ.പി സ്കൂളിനാണീ ഗതികേട്. 1929ൽ അടുപറമ്പിൽ രാമ പൈയാണ് ഈ വിദ്യാലയം തുടങ്ങിയത്. കൊച്ചി ദിവാനിൽനിന്ന് ഇതിനായി രണ്ടര ഏക്കർ ഭൂമി പാട്ടത്തിനെടുക്കുകയായിരുന്നു. നീണ്ട 11 വർഷത്തിനുശേഷമാണ് രാമ പൈ നടത്തിപ്പ് ജീവനക്കാർക്ക് വിട്ടുനൽകിയത്. അരനൂറ്റാണ്ട് കാലം നന്നായി പ്രവർത്തിച്ചു. പിന്നീട് സ്കൂൾ പ്രവർത്തനം മന്ദീഭവിച്ചു.

കുട്ടികൾ പലരും സമീപത്തെ ഇംഗ്ലീഷ് വിദ്യാലയങ്ങളിലേക്ക് പോയി. പ്രവർത്തനം നിലച്ചതിനെ തുടർന്ന് സർക്കാർ ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി. 2021ൽ സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപനം വന്നിരുന്നു. ഒരുവർഷം പിന്നിട്ടിട്ടും സർക്കാർ ഉത്തരവ് എത്തിയില്ല. മന്ത്രിസഭ തീരുമാനം അനുസരിച്ച് സംസ്ഥാനത്തെ 10 എയ്ഡഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. 2021 ഫെബ്രുവരിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഏറ്റെടുത്ത ഔദ്യോഗിക പ്രഖ്യാപനം അന്നത്തെ പൊതു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പൊതുചടങ്ങിൽ നടത്തി.

സർക്കാറിലേക്ക് നിരുപാധികം വിട്ടുനൽകുന്നതിന് മാനേജ്മെൻറ് നൽകിയ സമ്മത അറിയിപ്പ് അനുസരിച്ചാണ് മന്ത്രിസഭ തീരുമാനവും ഉത്തരവും ഉണ്ടായത്. അതേസമയം, പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഒരു ഉത്തരവും ആയിട്ടില്ല. ജീവനക്കാരുടെ മാനേജ്മെൻറാണ് വിദ്യാലയത്തിന് അറ്റകുറ്റപ്പണികൾ നടത്തി പരിശോധന റിപ്പോർട്ട് നൽകിയിട്ടുള്ളത്. സർക്കാർ ഏറ്റെടുത്ത് പ്രഖ്യാപനം വന്നതോടെ കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് നാട്ടുകാർ.

Tags:    
News Summary - Valiyaparamba R.V.LP School need govermnets help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.