വ​ര​മ്പു കി​ള​ക്കു​ന്ന അ​ന്തോ​ണി

72ാം വയസ്സിലും വരമ്പുകിളക്കാന്‍ അന്തോണിയുണ്ട്

കൊടകര: അന്യം നിന്നുപോകുന്ന കാര്‍ഷിക സംസ്‌കൃതിയിലെ അവസാന കണ്ണികളിലൊരാളാണ് മറ്റത്തൂരിലെ 72കാരന്‍ അന്തോണി. പരമ്പരാഗത രീതിയില്‍ വരമ്പുകിളച്ച് നെല്‍കൃഷിക്ക് നിലമൊരുക്കാനറിയാവുന്ന അപൂര്‍വം പേരില്‍ ഒരാളാണ് ഈ കര്‍ഷകന്‍.

നെല്‍കൃഷി മേഖലയില്‍ വന്ന യന്ത്രവത്കരണം തലമുറകളായി നിലനിന്നുപോന്ന കാര്‍ഷിക സമ്പ്രദായം മാറ്റിമറിച്ചപ്പോള്‍, കര്‍ഷകന്‍ ചേര്‍ത്തുപിടിച്ച വിത്തും കൈകോട്ടും പഴങ്കഥയായി.

നെല്‍കൃഷി മേഖലയില്‍ വിത്ത് മാത്രമാവുകയും കൈക്കോട്ട് മറയുകയും ചെയ്തു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇപ്പോഴും കൈക്കോട്ട് ഉപയോഗിച്ച് നിലം കിളക്കുകയും വരമ്പ് ഉറപ്പിക്കുകയും ചെയ്യുന്ന കര്‍ഷക തൊഴിലാളികളുണ്ട്. അവരിലൊരാളാണ് അന്തോണി.

വരമ്പുകിളക്കാന്‍ അറിയുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതിനാല്‍ പല പാടശേഖരങ്ങളിലും വരമ്പുകിള ഇന്നില്ല. നിലം ഉഴുതുമറിച്ച ശേഷം കണ്ടത്തില്‍നിന്ന് ചളികോരിയെടുത്താണ് വരമ്പ് ബലപ്പെടുത്തുന്നത്. ഈ പണി അറിയുന്ന ചുരുക്കം കര്‍ഷകരിലൊളാണ് മറ്റത്തൂരിലെ കൊടിയന്‍ വീട്ടില്‍ അന്തോണി.

ആണ്ടില്‍ മൂന്നുപൂവും കൃഷി ചെയ്തിരുന്ന കാലത്ത് വിശ്രമമില്ലാതെ വരമ്പ് കിളച്ചിരുന്നു ഇദ്ദേഹം. ഒരേ പാടശേഖരത്തില്‍ തന്നെയുള്ള കൃഷി നിലങ്ങളില്‍ ചില ഭാഗങ്ങള്‍ ഉയര്‍ന്നും ചില ഭാഗങ്ങള്‍ നികന്നും കിടക്കുന്നതിനാല്‍ ജലസേചനം എളുപ്പമാകില്ല. ഇതിന് പരിഹാരമായാണ് ആദ്യം വരമ്പുകള്‍ ഉണ്ടാക്കി കണ്ടങ്ങളായി തിരിച്ച് കൃഷി ചെയ്യാന്‍ തുടങ്ങിയത്.

ഉറപ്പുള്ള വരമ്പുകള്‍ കണ്ടത്തില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ സഹായിക്കുന്നു. മുണ്ടകന്‍ മാത്രം കൃഷി ചെയ്യുന്ന പന്തല്ലൂര്‍ പാടശേഖരത്ത് നിലമൊരുക്കാന്‍ കൈക്കോട്ടുമായി അന്തോണി സജീവമാണ്. ഇവിടത്തെ ഒട്ടുമിക്ക കര്‍ഷകരും കണ്ടങ്ങളുടെ വരമ്പുറപ്പിക്കാന്‍ വര്‍ഷങ്ങളായി തേടുന്നത് ഇദ്ദേഹത്തിന്റെ സേവനമാണ്.  

Tags:    
News Summary - At the age of 72- Anthony is still going strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.