കാറ്റിലും മഴയിലും മരം കടപുഴകി വീണ് ഇരിങ്ങാലക്കുട കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർന്നപ്പോൾ
ഇരിങ്ങാലക്കുട: മഴയിലും കാറ്റിലും മരം കടപുഴകി വീണ് ഇരിങ്ങാലക്കുട ഠാണാ മെയിൻ റോഡിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അങ്കണത്തിൽ നിർത്തിയിട്ട നാല് കാറുകൾക്കും ഒരു ബൈക്കിനും ഭാഗിക നാശം. ബുധനാഴ്ച പതിന്നൊരയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. കോടതി നടപടികൾക്ക് എത്തിയ അഭിഭാഷകരുടെയും കക്ഷികളുടെയും വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. സംഭവത്തെ തുടർന്ന് കോടതി നടപടികൾ നിർത്തിവെച്ചു.
വർഷങ്ങൾ പഴക്കമുള്ള കോടതി കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുള്ളതായി അഭിഭാഷകർ പറഞ്ഞു. അതേസമയം, അപകടാവസ്ഥയിലായ മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ചിൽ നഗരസഭക്ക് കോടതി അധികൃതർ കത്ത് നൽകിയിരുന്നു. എന്നാൽ, കോടതി സമുച്ചയം ഉൾപ്പെടുന്ന കച്ചേരി വളപ്പ് കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ളതാണെന്നും വിഷയം സംബന്ധിച്ച് ദേവസ്വത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും നഗരസഭ അധികൃതൾ അറിയിച്ചതായി അഭിഭാഷകർ വ്യക്തമാക്കി. വിവരമറിഞ്ഞ് പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. അഗ്നിരക്ഷസേനയുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റാൻ വൈകിയും നടപടി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.