ഇരിങ്ങാലക്കുട: നാലമ്പല തീർഥാടനത്തിനായി ശക്തമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി റൂറൽ പൊലീസ്. ക്രമസമാധാനപാലനത്തിനായി 400 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഡ്രോൺ നിരീക്ഷണവും ഡാന്‍സാഫ് സർവൈലൻസും, 24 മണിക്കൂർ കൺട്രോൾ റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്.
റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.ആർ. ബിജോയ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി. സുരേഷ്, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ. രാജു എന്നിവരുടെ മേൽനോട്ടത്തോട്ടിൽ ശക്തവും പഴുതടച്ചതുമായ സുരക്ഷ സംവിധാനങ്ങളാണ് ഭക്തർക്ക് സുരക്ഷിതമായി നാലമ്പല ദർശനം നടത്തുന്നതിനായി ഒരുക്കിയിരിക്കുന്നത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തുടങ്ങി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, മൂഴിക്കുളം ലക്ഷ്മണപെരുമാര്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം വഴി തൃപ്രയാറില്‍ തന്നെ അവസാനിക്കുന്നതാണ് നാലമ്പല ദർശനം. രാമായണ മാസമായ കര്‍ക്കടകത്തില്‍ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.
ഇതിൽ മൂന്ന് ക്ഷേത്രങ്ങൾ റൂറൽ പോലീസിന്റെ പരിധിയിലാണുള്ളത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലും കൂടല്‍മാണിക്യം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലും പായമ്മൽ ക്ഷേത്രം കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലുമാണുള്ളത്.
ചടങ്ങിനായി വിവിധ ജില്ലകളിൽ നിന്നും എത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുകൾ നേരിടാത്ത വിധത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും, ആചാരപരമായ ചടങ്ങുകളിൽ പങ്കു കൊള്ളുന്നതിനും, ദർശന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തൃശ്ശൂർ റൂറൽ പോലീസ് ജാഗരൂകരാണ്. മഴ കൊള്ളാതെ വരി നില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരിയില്‍ നിന്നുകൊണ്ട് തന്നെ വഴിപാട് കഴിക്കാനും സാധിക്കും.
ക്ഷേത്രങ്ങളിൽ എത്തിച്ചേരുന്ന അനേകായിരം ഭക്ത ജനങ്ങൾക്ക് വാഹനപാർക്കിങിനായി പ്രത്യേകം സൗകര്യങ്ങൾ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനപാർക്കിങ് സൗകര്യങ്ങളുടെ അപാകതകൾ റൂറൽ പോലീസിന്റെ മൊബൈൽ & ബൈക്ക് പട്രോളിങ് സംവിധാനം തൽസമയം നിരീക്ഷിക്കുന്നതാണ്.
മാല മോഷണം, പോക്കറ്റടി മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തികൾ എന്നിവ തടയുന്നതിന് ക്ഷേത്രപരിസരമാകെ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം, സിസിടിവി സർവൈലൻസ്, ബൈക്ക് പട്രോളിംഗ്, മഫ്തി പോലീസ്, സ്ത്രീ സുരക്ഷക്കായി പിങ്ക് പോലീസ്, ആൻഡി ഡ്രഗ്സ് സർവൈലൻസിനായി ഡാന്‍സാഫ് ടീം തുടങ്ങിയവ സജ്ജമാണ്.
24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനം, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങൾ എന്നിവ ഇത്തവണയും തൃശ്ശൂർ റൂറൽ പോലീസ് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.