മ​ഴ​യെ തു​ട​ർ​ന്ന് നി​ര്‍മാ​ണം നി​ല​ച്ച ന​മ്പ്യാ​ര്‍പാ​ടം പാ​ലം

മണ്ണിടിച്ചില്‍ ഭീഷണി: കുടുംബങ്ങളെ മാറ്റുന്നു

ഇരിങ്ങാലക്കുട: മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പൊറത്തിശ്ശേരി വാതില്‍മാടം കോളനിയില്‍ നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. ചേനത്തുവീട്ടില്‍ കാളിക്കുട്ടി, അറക്കവീട്ടില്‍ സുഹറ, എലുങ്ങല്‍ കൗസല്യ, പേടിക്കാട്ടുപറമ്പില്‍ ഗിരീഷ് എന്നിവരുടെ കുടുംബങ്ങളാണ് അപകടഭീഷണി നേരിടുന്നത്. വീടിന്റെ ശോച്യാവസ്ഥ പരിഗണിച്ച് ഗിരീഷിനു താൽക്കാലികമായി ജവഹര്‍ കോളനിയിലെ ഫ്ലാറ്റ്‌ സമുച്ചയത്തില്‍ അടിയന്തരമായി താമസ സൗകര്യമൊരുക്കും.

മറ്റു കുടുംബങ്ങള്‍ക്ക് മാറിത്താമസിക്കാന്‍ നോട്ടീസ് നല്‍കും. എല്ലാ വര്‍ഷവും മണ്ണിടിച്ചില്‍ പതിവായ ഇവിടെ മേയ് 14, 15 തീയതികളിലുണ്ടായ വേനല്‍ മഴയിലും ശക്തമായ മണ്ണിടിച്ചിലുണ്ടായിരുന്നു. സുരക്ഷാഭിത്തി കെട്ടാൻ എം.എല്‍.എ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഈ തുക ചെലവഴിക്കാത്തതിനാല്‍ പാഴായി. കുടുംബങ്ങള്‍ മാറാതിരുന്നതാണ് സംരക്ഷണഭിത്തി കെട്ടാന്‍ സാധിക്കാതെ പോയത്.

അപകടഭീഷണി നേരിടുന്ന മൂന്നു കുടുംബങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് വീടും സ്ഥലവും വാങ്ങാനായി 10 ലക്ഷം രൂപ വീതം പാസായിട്ടുണ്ടെങ്കിലും ഇവര്‍ ഇതുവരെയും സ്ഥലവും വീടും കണ്ടെത്തി തഹസില്‍ദാറെ അറിയിച്ചിട്ടില്ല.

നഗര സഞ്ചയ പ്രവൃത്തികളുടെ ഭാഗമായി നഗരസഭ കെട്ടിടത്തിലെ ശുചിമുറി നവീകരണ പ്രവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട് കരാറുകാരന് ഫണ്ട് കൈമാറുന്നതില്‍ കാലതാമസം നേരിട്ടത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

ഉദ്യോഗസ്ഥര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ കരാറുകാരന്‍ പണി വൈകിപ്പിച്ചതാണ് ബില്‍ വൈകാന്‍ കാരണമായതെന്ന് സെക്രട്ടറി വിശദീകരിച്ചു.

2017ല്‍ നടന്ന 'കെ.എല്‍ 45- ഫെസ്റ്റ്' സാംസ്‌കാരിക പരിപാടിയുമായി ബന്ധപ്പെട്ട് മൈതാനം കേടുവന്നതുമടക്കം 1,35,000 രൂപ സംഘാടകരില്‍നിന്ന് ഈടാക്കാനുള്ള കൗണ്‍സില്‍ തീരുമാനത്തില്‍ ഇളവു നല്‍കാന്‍ യോഗം തീരുമാനിച്ചു. ഡെപ്പോസിറ്റായി ഒരു ലക്ഷം രൂപ നഗരസഭയില്‍ കെട്ടിവെച്ചിട്ടുള്ളതാണ്.

ഈ തുക ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം നഗരസഭ ഫണ്ടിലേക്കു മാറ്റിയതാണ്. എന്നാല്‍, ബാക്കി നല്‍കാനുള്ള 35,000 രൂപ ഒഴിവാക്കിക്കൊടുക്കാനും റവന്യൂ റിക്കവറികളില്‍നിന്ന് സംഘാടക സമിതി കണ്‍വീനര്‍ ജിത ബിനോയിയെ ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി.

ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ചുറ്റും സംരക്ഷണഭിത്തി കെട്ടുന്നതിന്റെ ഭാഗമായി അതിര്‍ത്തി നിര്‍ണയം നടത്താനുള്ള നടപടി ആരംഭിക്കാന്‍ തീരുമാനിച്ചു. വയോമിത്രം ക്യാമ്പുകള്‍ നഗരസഭയുടെ പൊതുയിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു.

യോഗത്തില്‍ ചെയര്‍പേഴ്‌സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ളി, ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍, അഡ്വ. കെ.ആര്‍. വിജയ, സി.സി. ഷിബിന്‍, എം.ആര്‍. ഷാജു, സന്തോഷ് ബോബന്‍, ടി.കെ. ഷാജു എന്നിവർ സംബന്ധിച്ചു. 

മഴ: നമ്പ്യാര്‍പാടത്തെ പാലം നിര്‍മാണം നിലച്ചു

വെള്ളിക്കുളങ്ങര: കനത്ത മഴയെ തുടർന്ന് നമ്പ്യാര്‍പാടം റോഡില്‍ വെള്ളിക്കുളം വലിയതോടിന് കുറുകെ ആരംഭിച്ച പാലം നിര്‍മാണം സ്തംഭിച്ചു. തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മഴക്കാലം കഴിയാതെ പണി പുനരാരംഭിക്കാനാവില്ല. ഗതാഗതയോഗ്യമായ പുതിയ പാലമെന്ന ചിരകാലസ്വപ്നം സാക്ഷാത്കരിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്ന നിരാശയിലാണ് നമ്പ്യാര്‍പാടം ഗ്രാമവാസികള്‍.

കൊടകര-വെള്ളിക്കുളങ്ങര റോഡിനെയും കോടാലി-മോനൊടി റോഡിനെയും ബന്ധിപ്പിക്കുന്നതാണ് നമ്പ്യാര്‍പാടം റോഡ്. 20 വര്‍ഷം മുമ്പാണ് മോനൊടിയില്‍നിന്ന് നമ്പ്യാര്‍പാടം വഴി വെള്ളിക്കുളങ്ങരയിലേക്ക് റോഡ് വേണമെന്ന് ആവശ്യമുയര്‍ന്നത്. പാടവരമ്പിലൂടെയുള്ള നടവഴി മാത്രമായിരുന്നു അന്ന് ആശ്രയം. മഴക്കാലമായാല്‍ വെള്ളിക്കുളം തോട് കവിഞ്ഞൊഴുകി നടവഴി മുങ്ങിപ്പോകുന്നതിനാല്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞാണ് നാട്ടുകാര്‍ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്.ജനകീയ കമ്മിറ്റിയുടെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ 10, 14 വാര്‍ഡുകളെ ബന്ധിപ്പിച്ച് പാടത്തിന് നടുവിലൂടെ വീതിയുള്ള റോഡ് യാഥാര്‍ഥ്യമാക്കിയെടുത്തത്.

എന്നാല്‍, വീതിയുള്ള പാലമില്ലാത്തതിനാല്‍ ഈ റോഡിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിച്ചില്ല. പാടത്തേക്ക് നിലമൊരുക്കാന്‍ കന്നുകാലികളെയും ടില്ലര്‍ യന്ത്രവും മറ്റും കൊണ്ടുവരാനായി വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച നടപ്പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമായിരുന്നില്ല. തോടിന് കുറുകെയുള്ള ഇടുങ്ങിയ നടപ്പാലം പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് വീതിയേറിയ പാലം നിര്‍മിക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് ജില്ല പഞ്ചായത്ത് ഫണ്ടില്‍നിന്ന് 22 ലക്ഷം രൂപ പാലം നിര്‍മാണത്തിന് അനുവദിച്ചു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മേയ് പകുതിയോടെ പുതിയ പാലത്തിനുള്ള പണികള്‍ ആരംഭിച്ചെങ്കിലും മഴ കനത്തത് വിലങ്ങുതടിയായി. നിലവിലുണ്ടായിരുന്ന നടപ്പാലം പൊളിച്ചുനീക്കിയാണ് പുതിയ പാലത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. തോടിനു കുറുകെ സ്ഥാപിച്ച താല്‍ക്കാലിക പാലമാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ആശ്രയം.

Tags:    
News Summary - Landslide threat: Moving families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.